ആലപ്പുഴ: രാജ്യവ്യാപകമായി ലോക്‌ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അവശ്യ സർവീസുകൾ നടത്തുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് ദാഹജലം നൽകാൻ ജില്ലയിലുടനീളം എഐവൈഎഫിൻ്റെ തണ്ണീർ പന്തലുകൾ. ജില്ലയുടെ വടക്കേ അറ്റത്തെ അതിർത്തിയായ അരൂർ മുതൽ തെക്കേയറ്റത്തെ ജില്ലാ അതിർത്തി ഓച്ചിറ വരെയാണ് തണ്ണീർ പന്തലുകൾ സജ്ജീകരിച്ചിട്ടുള്ളത്.
വേനൽ ചൂടിന് ആശ്വാസം പകരാൻ തണ്ണീർപന്തലുകൾ
തണ്ണീർ പന്തലുകളിൽ എത്തുന്നവർക്ക് ദാഹശമനത്തിനായി തണ്ണിമത്തൻ ജ്യൂസ് നൽകും. കൂടാതെ ആവശ്യക്കാർക്ക് കമ്യൂണിറ്റി കിച്ചണുകൾ വഴി ഭക്ഷണവും ഇതോടൊപ്പം ഇവർ തന്നെ എത്തിച്ചു നൽകും
പ്രധാനമായും ദേശീയപാതയോരത്താണ് തണ്ണീർ പന്തലുകൾ സജ്ജീകരിച്ചിട്ടുള്ളത്. ഇതിനുപുറമേ ആലപ്പുഴ- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന എസി റോഡിനും ജില്ലയെ പത്തനംതിട്ടയുമായി ബന്ധിപ്പിക്കുന്ന അമ്പലപ്പുഴ - തിരുവല്ല റോഡിലും ഇത്തരത്തിൽ തണ്ണീർപ്പന്തലുകൾ സജ്ജീകരിച്ചിട്ടുണ്ട്. തണ്ണീർ പന്തലുകളിൽ എത്തുന്നവർക്ക് ദാഹശമനത്തിനായി തണ്ണിമത്തൻ ജ്യൂസ് നൽകും. കൂടാതെ ആവശ്യക്കാർക്ക് കമ്യൂണിറ്റി കിച്ചണുകൾ വഴി ഭക്ഷണവും ഇതോടൊപ്പം ഇവർ തന്നെ എത്തിച്ചു നൽകും. ജില്ലയുടെ കൂടുതൽ ഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. ടി.ടി ജിസ്‌മോന്‍ പറഞ്ഞു.
വേനൽചൂട് കടുത്തതോടെ അവശ്യ സർവീസ് വാഹനങ്ങളിലെ ഡ്രൈവർമാർ ഉൾപ്പെടെ ക്ഷീണിതരായാണ് വാഹനങ്ങൾ ഓടിക്കുന്നത്. ലോക്‌ഡൗണായതിനാൽ ദാഹമകറ്റാൻ കടകൾ പോലും ഇല്ലാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഇത്തരക്കാർക്ക് ദാഹജലം നൽകാൻ തണ്ണീർപന്തൽ ഒരുക്കിയതെന്ന് എഐവൈഎഫ് ഭാരവാഹികൾ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള യൂണിറ്റ് മേഖലാ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഇത്തരം തണ്ണീർ പന്തലുകൾ ഒരുക്കിയിട്ടുള്ളത്.