ആലപ്പുഴ: 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന സന്ദേശവുമായി സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ 'ജീവനി' സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ പദ്ധതിയായി മാറുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. വരുംതലമുറയെ രോഗങ്ങളുടെ പിടിയിലേക്ക് തള്ളിവിടാതെ നമുക്ക് ആവശ്യമായ പോഷകസമൃദ്ധമായ പച്ചക്കറികള്‍ നാം തന്നെ ഉല്‍പാദിപ്പിക്കുക എന്നതാണ് ജീവനിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആവശ്യമായ പോഷകഗുണമുള്ള പച്ചക്കറികളും പഴങ്ങളും നമുക്ക് ചുറ്റും തന്നെയുണ്ട്. പരമ്പരാഗതമായ അത്തരം ഇനങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്‌ടിക്കാനായി ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. ജീവനി പദ്ധതി പൂര്‍ണമായും യാഥാര്‍ത്ഥ്യമാവുന്നതോടെ എല്ലാ വീട്ടിലും പോഷകത്തോട്ടങ്ങള്‍ തയ്യാറാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വലിയ ജനകീയ പദ്ധതിയായി 'ജീവനി' മാറുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം
ജീവനി പദ്ധതിയുടെ ആലപ്പുഴ ജില്ലാ തല ഉദ്ഘാടനവും ഓണാട്ടുകര കാര്‍ഷികസേവന കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിച്ചു
![ഏറ്റവും വലിയ ജനകീയ പദ്ധതിയായി 'ജീവനി' മാറുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ jeevani project agricultural minister vs sunilkumar ജീവനി വി.എസ്.സുനില്‍കുമാര്‍ നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം കൃഷി മന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5760164-thumbnail-3x2-ala.jpg)
ജീവനി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും ഓണാട്ടുകര കാര്‍ഷികസേവന കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ച മന്ത്രി, ജില്ലാതല കര്‍ഷക അവാര്‍ഡുകൾ വിതരണം ചെയ്‌തു. ജില്ലയിലെ മികച്ച കര്‍ഷകന്‍, കൃഷിയിലെ മികച്ച പ്രവര്‍ത്തനം നടത്തിയ സ്‌കൂള്‍, മികച്ച അധ്യാപകന്‍, മികച്ച വിദ്യാര്‍ഥി കര്‍ഷകര്‍, മികച്ച പച്ചക്കറി ക്ലസ്റ്റര്‍, മികച്ച സ്ഥാപനാധിഷ്‌ഠിത പച്ചക്കറി കൃഷി, മികച്ച മട്ടുപ്പാവ് കര്‍ഷക, മികച്ച കൃഷി-അസിസ്റ്റന്‍റ് ഡയറക്‌ടര്‍, മികച്ച കൃഷി ഓഫീസര്‍, മികച്ച കൃഷി അസിസ്റ്റന്‍റ് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്‌തത്. ആര്‍.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രജനീ ജയദേവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മണി വിശ്വനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.