കേരളം

kerala

ETV Bharat / state

'ലോകമേ തറവാട്' കലാ പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് 'ആപ്പ്' ചിത്രങ്ങള്‍ - biennale

എറണാകുളം സ്വദേശിയായ രാധ ഗോമതി കുട്ടിക്കാലം മുതല്‍ ചിത്രങ്ങള്‍ വരയ്ക്കും. വരയ്‌ക്കൊപ്പം എഴുത്തും വശമുള്ള രാധ അവിചാരിതമായാണ് ആപ്പിലൂടെയുള്ള ചിത്രരചനയിലേക്ക് കടന്നു വന്നത്.

ലോകമേ തറവാട്  'ആപ്പ്' ചിത്രങ്ങള്‍  lokame tharavad  biennale  lokame tharavadu
'ലോകമേ തറവാട്' കലാ പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് 'ആപ്പ്' ചിത്രങ്ങള്‍

By

Published : Apr 25, 2021, 1:12 AM IST

Updated : Apr 25, 2021, 1:44 AM IST

ആലപ്പുഴ: എന്തിനും ഏതിനും ആപ്പുകളെ ആശ്രയിക്കുന്ന ഈ കാലത്ത് ആപ്പിലൂടെ ചിത്ര രചനയും സാധ്യമാകുമെന്ന് എത്രപേര്‍ക്കറിയാം. എങ്കില്‍ അങ്ങനെ ചില ആപ്പുകള്‍ ഉണ്ടെന്നും അതിലൂടെ ചിത്രരചന സാധ്യമാകുമെന്നതിന്‍റെ നേര്‍ സാക്ഷ്യമാണ് ജില്ലയില്‍ നടന്നുവരുന്ന 'ലോകമേ തറവാട്' എന്ന കലാ പ്രദര്‍ശനത്തിലെ നിറസാന്നിധ്യം രാധ ഗോമതി. എറണാകുളം സ്വദേശിയായ രാധ കുട്ടിക്കാലം മുതല്‍ ചിത്രങ്ങള്‍ വരയ്ക്കും. വരയ്‌ക്കൊപ്പം എഴുത്തും വശമുള്ള രാധ അവിചാരിതമായാണ് ആപ്പിലൂടെയുള്ള ചിത്രരചനയിലേക്ക് കടന്നു വന്നത്.

Read More:'ലോകമേ തറവാട്' ബിനാലെ പ്രദർശനം ആലപ്പുഴയുടെ വികസനത്തിന് വഴികാട്ടും: ബോസ് കൃഷ്ണമാചാരി

ചിത്രം വരയ്ക്കാന്‍ തികഞ്ഞ ഏകാഗ്രതയും ക്ഷമയുമാണ് വേണ്ടത്. തനിക്ക് ഇത് രണ്ടും ഇല്ലെന്ന പക്ഷക്കാരിയാണ് രാധ. ചിത്രം വരാക്കാനായി പ്രത്യേക സമയം കണ്ടെത്തുകയോ അതിനുവേണ്ടി തയ്യാറെടുപ്പുകളോ നടത്താറില്ല. എന്നാല്‍ വരയോടുള്ള താൽപര്യവും അതില്‍ തന്നെ നിലനില്‍ക്കണമെന്ന ആഗ്രഹവുമാണ് പുതിയ പരീക്ഷണത്തിലേക്ക് തന്നെ എത്തിച്ചതെന്നും രാധ പറഞ്ഞു. 2018ലാണ് 'എച്ച്. ഡബ്ല്യൂ മെമോ' എന്ന അപ്ലിക്കേഷന്‍ വഴി രാധ ആദ്യമായി ചിത്രം വരച്ചു തുടങ്ങിയത്. സുഹൃത്തുക്കള്‍ വഴിയാണ് ആപ്പിന്‍റെ സാധ്യത തിരിച്ചറിഞ്ഞത്. പിന്നീട് ലോക്ക്‌ഡൗണ്‍ കാലത്തെ സമ്മര്‍ദ്ധമാണ് തന്നെ മുഴുവന്‍ സമയ ആപ്പ് കലാകാരിയാക്കി മാറ്റിയതെന്നും രാധ പറഞ്ഞു. സാമൂഹികമായി അകലം പാലിക്കാന്‍ പറ്റില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് കലയെന്നും അവര്‍ പറയുന്നു.

ലോക്‌ഡൗണ്‍ കാലത്ത് ഓരോ ആഴ്ചയും രണ്ടോ മൂന്നോ ദിവസം കൂടുംമ്പോള്‍ ചിത്രങ്ങള്‍ വരയ്ക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്‌തു. അത് പിന്നീട് തന്‍റെ ഒരു ആവശ്യമായി മാറുകയായിരുന്നുവെന്നും രാധ പറഞ്ഞു. വരയ്ക്കുന്ന ഓരോ ചിത്രത്തിനൊപ്പം ഒരു വരി കവിത കൂടി ചേര്‍ത്താണ് രാധ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. സമൂഹത്തില്‍ പ്രകടമായ കാഴ്ചകള്‍, രഹസ്യങ്ങള്‍, പ്രണയം, കലഹം, എന്നിവയെല്ലാം ഇടകലര്‍ന്നതാണ് ഓരോ ചിത്രങ്ങളും. ചിത്രം മറ്റുള്ളവരിലേക്ക് എത്തുമ്പോള്‍ അവര്‍ കാണുക എന്നുള്ളത് തന്‍റെ ആവശ്യമായിരുന്നു. നേരിട്ട് കണ്ടില്ലെങ്കിലും അവരുമായി സംവദിക്കാന്‍ സാധിക്കുന്നു എന്നുള്ളതും വലിയ സംതൃപ്‌തിയാണ് തരുന്നതെന്നും രാധ പറഞ്ഞു. ആപ്പ് വഴി വരച്ച ചിത്രങ്ങളില്‍ ഏറ്റവും പ്രീയപ്പെട്ട 87 ചിത്രങ്ങള്‍ ആണ് രാധ ഗോമതി ലോകമേ തറവാട് കല പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ചിത്രം വരയ്ക്കാന്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നു അത് കണ്ടു പിടിച്ചവര്‍ പോലും വിചാരിച്ചു കാണില്ലെന്നും രാധ പറയുന്നു. മനസിന്‍റെ വേഗതയനുസരിച്ച് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ് ആപ്പ് ചിത്രരചനയിലേക്ക് തന്നെ കൂടുതല്‍ അടുപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ചിത്രരചനയ്‌ക്കൊപ്പം സുഹൃത്തുമായി ചേര്‍ന്നു 'ഏക രസ ' എന്ന പുതിയ ചുവടുവെപ്പിലേക്ക് നീങ്ങുകയാണ് രാധ. കലയുമായി ബന്ധപ്പെട്ട് കലയെ പ്രോത്സാഹിപ്പിക്കുവാനായി വര്‍ക്ക്ഷോപ്പുകള്‍, കലാ പ്രദര്‍ശനങ്ങള്‍ എന്നിവയാണ് ഏക രസയുടെ ലക്ഷ്യം.

Last Updated : Apr 25, 2021, 1:44 AM IST

ABOUT THE AUTHOR

...view details