ആലപ്പുഴ: നീചമായ പ്രവർത്തികളുടെ കേദാരമായി മന്ത്രി ജി സുധാകരൻ മാറിയെന്ന് ഡിസിസി ആക്ടിങ് പ്രസിഡന്‍റ് എഎ ഷുക്കൂർ. രാഷ്‌ട്രീയ രംഗത്ത് ക്രിമിനൽ വാസനയുള്ളവരുടെ എണ്ണം കൂടിവരുന്നു എന്ന മന്ത്രി ജി സുധാകരന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില രാഷ്ട്രീയ നേതാക്കളുടെ മുൻ പേർസണൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പടെ ക്രിമിനൽ സ്വഭാവമുള്ള ആളുകൾ കൂടിവരുന്നു. അതിന് ഉത്തരവാദികൾ ചില രാഷ്ട്രീയ നേതാക്കളാണ് എന്നായിരുന്നു സുധാകരന്‍റെ ആരോപണം. ആലപ്പുഴ, അമ്പലപ്പുഴ കേന്ദ്രീകരിച്ച് നടത്തുന്ന ക്രിമിനൽ ആക്റ്റിവിസത്തിന്‍റെ പ്രധാന സ്പോൺസർ ജി സുധാകരനാണെന്നും ഷുക്കൂർ ആരോപിച്ചു. ഇത് പറയാതെ പോകുന്നത് പൊതുസമൂഹത്തിനോട് കാണിക്കുന്ന വലിയ അപരാധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും കാലത്തിനിടെ മാടമ്പിത്തരത്തോടെയും തൻപ്രമാണിത്തരത്തോടും കൂടിയല്ലാതെ മന്ത്രി പ്രവർത്തിച്ചിട്ടില്ല. അദ്ദേഹം പറയുന്നത് വേദവാക്യം പോലെ, അല്ലെങ്കിൽ അദ്ദേഹം പറയുന്നത് എല്ലാവരും അനുസരിക്കണമെന്ന് ശൈലിയാണ് മന്ത്രി സ്വീകരിക്കുന്നതെന്നും ഷുക്കൂർ കുറ്റപ്പെടുത്തി.
ക്രിമിനൽ ആക്റ്റിവിസത്തിന്‍റെ പ്രധാന സ്പോൺസർ ജി സുധാകരനാണെന്ന് എഎ ഷുക്കൂർ
രാഷ്‌ട്രീയ രംഗത്ത് ക്രിമിനൽ വാസനയുള്ളവരുടെ എണ്ണം കൂടിവരുന്നു എന്ന മന്ത്രി ജി സുധാകരന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജി സുധാരനെതിരെ അദ്ദേഹത്തിന്‍റെ മുൻ പേർസണൽ സ്റ്റാഫ് മുൻ അംഗമായിരുന്ന ആളുടെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തിനെയും ഷുക്കൂർ വിമർശിച്ചു.
Read More:സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി സുധാകരനെതിരെ മുൻ എസ്എഫ്ഐ വനിതാ നേതാവിന്‍റെ പരാതി
മന്ത്രി ജി സുധാകരൻ അടുത്തകാലങ്ങളിലായി നിരന്തരമായി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഷുക്കൂർ ആരോപിച്ചു. അരൂർ എംഎൽഎ അഡ്വ.ഷാനിമോൾ ഉസ്‌മാനും കായംകുളം എംഎൽഎ അഡ്വ.യു പ്രതിഭയ്ക്കും എതിരായി സുധാകരൻ മുൻപ് പലതവണ അസഭ്യവർഷം നടത്തിയിട്ടുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിലായി മന്ത്രിയുടെ പേർസണൽ സ്റ്റാഫ് മുൻ അംഗമായിരുന്ന ആളുടെ ഭാര്യക്കെതിരെയാണ് അസഭ്യവർഷം നടത്തിയിട്ടുള്ളത്. ഇതിനെതിരെ ആ യുവതി രേഖാമൂലം പരാതി എഴുതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ മടിക്കുന്ന സമീപനം ശരിയല്ല. മന്ത്രിയോ രാജാവോ എന്നല്ല ആരായാലും കുറ്റം ചെയ്‌താൽ നിയമനടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്വം പൊലീസിനുണ്ട്. ഇല്ലെങ്കിൽ പോരാട്ടത്തിന് തങ്ങൾ തയ്യാറാവുമെന്നും ഷുക്കൂർ വ്യക്തമാക്കി. മന്ത്രിയുടെ പേർസണൽ സ്റ്റാഫ് മുൻ അംഗത്തിന്‍റെ ഭാര്യയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി മുൻ അംഗവുമായ യുവതിയാണ് സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്.