ആലപ്പുഴ: കുട്ടനാട് രാമങ്കരിയിൽ നാൽപ്പത്തഞ്ചോളം കുടുംബങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. രാമങ്കരി ഒന്നാം വാർഡിലാണ് തങ്ങളുടെ വീടുകളിലേക്ക് വഴി വെട്ടിത്തരാൻ അധികാരികൾ തയ്യാറാവുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. കഴിഞ്ഞ തവണ എൽഡിഎഫ് അധികാരത്തിൽ വന്ന പഞ്ചായത്താണ് രാമങ്കരി. തെരഞ്ഞെടുപ്പ് ബഹിഷ്ക്കരണത്തിന്‍റെ ഭാഗമായി ഇവർ പാടത്തിന് സമീപം അടുപ്പുകൂട്ടി കഞ്ഞിവെച്ച് പ്രതിഷേധിച്ചു.
രാമങ്കരിയിൽ കഞ്ഞിവെച്ച് പ്രതിഷേധം; 45 കുടുംബങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു
രാമങ്കരി ഒന്നാം വാർഡിലാണ് തങ്ങളുടെ വീടുകളിലേക്ക് വഴി വെട്ടിത്തരാൻ അധികാരികൾ തയ്യാറാവുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. ബഹിഷ്ക്കരണത്തിന്‍റെ ഭാഗമായി ഇവർ പാടത്തിന് സമീപം അടുപ്പുകൂട്ടി കഞ്ഞിവെച്ച് പ്രതിഷേധിച്ചു
രാമങ്കരി ഒന്നാം വാർഡിൽ മണലാടി പ്രദേശത്തെ ചേപ്പിലാക്ക പാടശേഖരത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളുടെ വീട്ടിലേക്ക് പോകാൻ ഒരു വഴി എന്ന ആവശ്യത്തിന് 40 വർഷത്തെ പഴക്കമുണ്ട്. മഴക്കാലത്തും രണ്ടാം കൃഷിയില്ലാത്ത സമയങ്ങളിലും പാടം നീന്തി വേണം ഇവർക്ക് വീടുകളിലെത്താൻ. അടിയന്തര ആവിശ്യങ്ങൾക്ക് പുറത്ത് പോകാൻ വള്ളത്തെയും മറ്റും ആശ്രയിക്കേണ്ട ഗതികേടിലാണെന്ന് പ്രദേശവാസികൾ പറയുന്നു.
പലതവണ പഞ്ചായത്ത് അധികൃതർക്കും എംഎൽഎയായിരുന്ന തോമസ് ചാണ്ടിക്കും നിവേദനങ്ങളും അപേക്ഷകളും മറ്റും സമർപ്പിച്ചിട്ടും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നും ഇവർ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഓരോ മുന്നണികളുടെയും സ്ഥാനാർത്ഥികൾ മാറി മാറി വന്നു വാഗ്‌ദാനങ്ങൾ നൽകി പോകുന്നതല്ലാതെ അവയൊന്നും നടപ്പിലാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിഷയത്തിൽ പരിഹാരമുണ്ടാക്കിയില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുൾപ്പടെ ബഹിഷ്ക്കരിച്ച് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.