ആലപ്പുഴ: നഗരത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആക്രമണത്തിനിരയായവർക്ക് വിദഗ്‌ധ ചികിത്സ നൽകി വരികയാണ്. രാവിലെ രണ്ട് പുരുഷൻമാർക്കും മൂന്നു സ്ത്രീകൾക്കും ഉച്ചയ്ക്ക് ഒമ്പത് പുരുഷൻമാർക്കും 17 സ്ത്രീകൾക്കും ഒരു കുട്ടിക്കുമാണ് കടിയേറ്റത്.
തെരുവ് നായ്ക്കളുടെ കടിയേറ്റ് 32 പേർ ആശുപത്രിയിൽ - street dog attack
ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജാഗ്രത മാത്രമേ ആവശ്യമുള്ളൂവെന്നും ജില്ലാ കലക്‌ടർ . താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പേവിഷത്തിനെതിരെയുള്ള വാക്‌സിൻ ഉറപ്പുവരുത്തിയിട്ടുണ്ട് എന്നും കലക്ടര്‍ അറിയിച്ചു
നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ജില്ലാ കലക്‌ടർ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ജാഗ്രത മാത്രമേ ആവശ്യമുള്ളൂവെന്നും ജില്ലാ കലക്‌ടർ യോഗത്തിന് ശേഷം പറഞ്ഞു. വിവിധ വകുപ്പുകളുടെ ജില്ലാ മേധാവിമാർ യോഗത്തിൽ പങ്കെടുത്തു. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പേവിഷത്തിനെതിരെയുള്ള വാക്‌സിൻ ഉറപ്പുവരുത്തിയിട്ടുണ്ട്. അക്രമ സ്വഭാവം കാണിച്ച ആറ് പട്ടികളെ പിടികൂടിയിട്ടുണ്ടെന്നും അനിമൽ ഹസ്ബൻഡറി വിഭാഗത്തിൽ ഇവ നിരീക്ഷണത്തിലാണെന്നും കലക്‌ടർ അറിയിച്ചു. നഗരത്തിലെ അക്രമാസക്തമായ രീതിയിൽ കാണുന്ന പട്ടികളെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ജനപ്രതിനിധികളും ആശാവർക്കാർമാരും ജനങ്ങളെ ജാഗ്രത പാലിക്കാൻ സഹായിക്കണമെന്ന് ജില്ലാ കലക്‌ടർ അഭ്യർഥിച്ചു.
പട്ടികൾ മാത്രമല്ല, ഏത് മൃഗം കടിച്ചാലും ആശുപത്രിയിലെത്തി പേവിഷത്തിനെതിരെയുള്ള ആന്റിറാബീസ് വാക്‌സിൻ നിർബന്ധമായും എടുക്കണമെന്നും കടിയേറ്റ ഉടനെ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് മുറിവ് നന്നായി വൃത്തിയാക്കി എത്രയും പെട്ടെന്ന് ചികിത്സ തേടണമെന്നും ഡി.എം.ഒ അറിയിച്ചു. മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയുന്നതും ജൈവമാലിന്യങ്ങൾ സ്രോതസുകളിൽത്തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കരിക്കാതിരിക്കുന്നതുമാണ് തെരുവുനായ്ക്കളുടെ ശല്യത്തിന് കാരണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
TAGGED:
street dog attack