ടോക്കിയോ : ഒളിമ്പിക്‌സിന് സമാപനം. 2024ലെ ആതിഥേയരായ പാരീസ് നഗരത്തിന്‍റെ മേയർ ആൻ ഹിഡാൽഗോയ്ക്ക് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബാക് പതാക കൈമാറി.
ജപ്പാന്‍റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതിയ വർണശബളമായ പരിപാടികളോടെയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കായിക താരങ്ങളെ രാജ്യം യാത്രയാക്കിയത്.
ഒളിമ്പിക് ഗുസ്തിയില്‍ വെള്ളിമെഡല്‍ നേടിയ ബജ്‌റംഗ് പൂനിയയാണ് ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തിയത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡിനെ തുടര്‍ന്നാണ് നിരവധി ആശങ്കകള്‍ക്കിടയിലും ജൂലൈ 23ന് ആരംഭിച്ചത്. 200ലേറെ രാജ്യങ്ങളില്‍ നിന്നായി 11,000ത്തോളം അത്ലറ്റുകളാണ് ടോക്കിയോയിലെത്തിയത്.
42 വേദികളില്‍ 33 കായിക ഇനങ്ങളിലായി നടന്ന 339 മത്സരങ്ങള്‍ക്കൊടുവില്‍ ഇത്തവണയും അമേരിക്ക ഒന്നാമതെത്തി. 39 സ്വര്‍ണം, 41 വെള്ളി, 33 വെങ്കലം എന്നിങ്ങനെയാണ് അമേരിക്കയുടെ പട്ടികയിലുള്ളത്.
38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമായി ചൈന രണ്ടാമതെത്തിയപ്പോള്‍ അതിഥേയരായ ജപ്പാന്‍ മൂന്നാം സ്ഥാനത്തെത്തി. 27 സ്വര്‍ണവും 14 വെള്ളിയും 17 വെങ്കലവുമുള്‍പ്പെടെ 58 മെഡലുകളാണ് ജപ്പാന്‍റെ പട്ടികയിലുള്ളത്.
also read: 'ബാഴ്‌സ വീടും ലോകവും, തുടരാനാകാത്ത സാഹചര്യം'; പൊട്ടിക്കരഞ്ഞ് മെസി
ഇന്ത്യയെ സംബന്ധിച്ചും സമാനതകളില്ലാത്തതാണ് ടോക്കിയോ ഒളിമ്പിക്‌സ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേട്ടവുമായാണ് ഇക്കുറി ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ നിന്നും മടങ്ങുന്നത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ ആറ് മെഡലുകള്‍ എന്ന റെക്കോര്‍ഡാണ് ഇക്കുറി ഇന്ത്യ പഴങ്കഥയാക്കിയത്.
ലണ്ടനില്‍ രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ആറ് മെഡലുകളായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാല്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ഏഴ് മെഡലുകള്‍ ടോക്കിയോയില്‍ ഇന്ത്യ സ്വന്തമാക്കി.
ജാവലിന്‍ താരം നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞ് വീഴ്ത്തിയപ്പോള്‍ മീരാബായ് ചാനു (വെയ്റ്റ് ലിഫ്റ്റിങ്), രവികുമാര്‍ ദഹിയ (ഗുസ്തി) എന്നിവര്‍ വെള്ളിയും, ബജ്‌റംഗ് പൂനിയ (ഗുസ്തി), പിവി സിന്ധു (ബാഡ്മിന്‍റണ്‍), ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ (ബോക്സിങ്) പുരുഷ ഹോക്കി ടീം എന്നിവര്‍ വെങ്കലവും സ്വന്തമാക്കി.