ടോക്കിയോ :പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ ഇന്ത്യൻ താരം സുഹാസ് യതിരാജിന് വെള്ളി. പുരുഷൻമാരുടെ എസ്.എൽ 4 വിഭാഗത്തിലാണ് താരം വെള്ളി സ്വന്തമാക്കിയത്. ഫൈനലിൽ ഫ്രാൻസിന്‍റെ ടോപ്പ് സീഡ് താരം ലൂക്കാസ് മസുറിനോട് കീഴടങ്ങിയതിനാലാണ് സുഹാസിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. സ്കോർ 21-15, 17-21, 15-21.
മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു സുഹാസ് തോൽവി വിഴങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും അടുത്ത രണ്ട് സെറ്റുകൾ തിരിച്ച് പിടിച്ച് ലൂക്കാസ് സ്വർണം നേടുകയായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്‌ഡ ജില്ല മജിസ്‌ട്രേറ്റാണ്. പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയാണ് സുഹാസ്.