ടോക്കിയോ : പാരാലിമ്പിക്‌സ് ഹൈജമ്പിൽ വെള്ളി മെഡൽ നേടിയ പാര-അത്‌ലറ്റ് നിഷാദ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2.06 മീറ്റർ ചാടി ഏഷ്യൻ റെക്കോഡോടെയാണ് നിഷാദ് കുമാർ വെള്ളി നേടിയത്.
'ടോക്കിയോയിൽ നിന്ന് കൂടുതൽ സന്തോഷകരമായ വാർത്തകൾ വരുന്നു. പുരുഷന്മാരുടെ ഹൈജമ്പ് ടി 47 ൽ നിഷാദ് കുമാർ വെള്ളി മെഡൽ നേടിയതിൽ തികച്ചും സന്തോഷിക്കുന്നു. മികച്ച കഴിവുള്ള കഠിനപ്രയത്നിയുമായ അത്‌ലറ്റാണ് അദ്ദേഹം. അഭിനന്ദനങ്ങൾ', മോദി ട്വീറ്റ് ചെയ്‌തു.
ഇന്ത്യക്കായി പാരാലിമ്പിക്‌സിൽ രണ്ടാമത്തെ മെഡലാണ് നിഷാദ് സ്വന്തമാക്കിയത്. നിഷാദും മറ്റൊരു താരം വൈസും ഒരേ ദൂരമാണ് ചാടിയതെങ്കിലും ആദ്യ ശ്രമത്തിൽ 2.02 മാർക്ക് കടന്നതിനാൽ നിഷാദിന് വെള്ളി ലഭിക്കുകയായിരുന്നു.
ALSO READ:പാരാലിമ്പിക്‌സ് : വെള്ളിയിലേക്ക് ചാടി നിഷാദ് കുമാർ, ഇന്ത്യക്ക് രണ്ടാം മെഡൽ
നേരത്തേ ടേബിൾ ടെന്നിസിൽ ഇന്ത്യൻ താരം ഭവിന പട്ടേലും വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു. ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരമായ ഷൗ യിങ്ങിനോടാണ് ഭവിന തോല്‍വി വഴങ്ങിയത്. പാരാലിമ്പിക് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്.