ടോക്കിയോ :പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ഹൈജംപിൽ നിഷാദ് കുമാറാണ് വെള്ളി നേടിയത്. 2.06 മീറ്റർ ചാടിയാണ് താരം വെള്ളിമെഡൽ കരസ്ഥമാക്കിയത്.
കൂടാതെ താരം ഈയിനത്തിൽ ഏഷ്യൻ റെക്കോർഡും സ്ഥാപിച്ചു. ഇന്ത്യയുടെ മറ്റൊരു താരം രാംപാൽ ചാഹർ 1.94 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തെത്തി.
യു.എസ്.എയുടെ റോഡറിക് ടൗൺസെൻഡ്, ഡാളസ് വൈസ് എന്നിവർ യഥാക്രമം സ്വർണവും വെങ്കലവും നേടി. ടൗൺസെൻഡ് 2.15 മീറ്റർ ചാടിയപ്പോൾ വൈസ് 2.06 മീറ്റർ ഉയരം രേഖപ്പെടുത്തി.
നിഷാദ്, വൈസും ഒരേ ദൂരമാണ് ചാടിയതെങ്കിലും ആദ്യ ശ്രമത്തിൽ 2.02 മാർക്ക് കടന്നതിനാൽ നിഷാദിന് വെള്ളി ലഭിക്കുകയായിരുന്നു.
ALSO READ:പാരാലിമ്പിക്‌സ്: ഭവിന പട്ടേലിന് വെള്ളി; ടോക്കിയോയില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍
നേരത്തെ വനിത ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭവിന പട്ടേൽ വെള്ളി സ്വന്തമാക്കിയിരുന്നു. ഫൈനലിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരമായ ഷൗ യിങ്ങിനോടാണ് ഭവിന തോല്‍വി വഴങ്ങിയത്.
പാരാലിമ്പിക് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്.