ടോക്കിയോ : ടോക്കിയോ ഒളിമ്പിക്‌സ് വനിത ബോക്‌സിങിൽ ഇന്ത്യക്ക് വെങ്കലം. വനിതകളുടെ 69 കിലോഗ്രാം വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്നാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്.
ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് സെമിഫൈനലിൽ തോല്‍വി വഴങ്ങിയതോടെയാണ് താരത്തിന്‍റെ മെഡൽ നേട്ടം വെങ്കലത്തിലൊതുങ്ങിയത്. സ്കോർ 5-0.
ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലവ്‌ലിനയ്‌ക്കെതിരേ പരിചയ സമ്പത്തിന്‍റെ കരുത്തിൽ അനായാസ വിജയമാണ് ബുസെനാസ് നേടിയെടുത്തത്. മത്സരത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും ലവ്‌ലിനയ്ക്ക് ആധിപത്യം പുലര്‍ത്താനായില്ല.
ആദ്യ റൗണ്ട് തുടക്കത്തിൽ കുറച്ചുനേരം ലവ്‌ലിന ആക്രമിച്ച് കളിച്ചെങ്കിലും പിന്നീടങ്ങോട്ട് തുർക്കി താരത്തിന്‍റെ പോരാട്ടമാണ് കാണാൻ സാധിച്ചത്. ഇടക്കിടെ കരുത്തുറ്റ പഞ്ചുകളിലൂടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ബുസെനാസിനോട് പിടിച്ച് നിൽക്കാൻ ലവ്‌ലിനക്കായില്ല.
ഇത്തവണ മേരികോം ഉൾപ്പെടെ ഒൻപത് താരങ്ങൾ ഇന്ത്യക്കായി ബോക്സിങ്ങില്‍ മത്സരിക്കാനിറങ്ങിയെങ്കിലും ലവ്‌ലിനയ്ക്ക് മാത്രമാണ് മെഡൽ നേട്ടത്തിലേക്ക് എത്താൻ സാധിച്ചത്.
ഇന്നത്തെ മത്സരം വിജയിച്ചിരുന്നെങ്കിൽ ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബോക്‌സിങ് താരമെന്ന റെക്കോർഡ് ലവ്‌ലിനക്ക് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.
ALSO READ:മലർത്തിയടിച്ച് ഇന്ത്യ ; ഗുസ്‌തിയിൽ രവി ദഹിയയും, ദീപക് പൂനിയയും സെമിയിൽ
2008ലെ വിജേന്ദർ സിങും 2012ലെ മേരി കോമും ബോക്‌സിങ്ങിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിരുന്നു. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്‌ലിന.
ലവ്‌ലിനയുടെ വെങ്കലത്തോടെ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. നേരത്തെ ഭാരോദ്വഹനത്തില്‍ മീരബായി ചാനു വെള്ളിയും ബാഡ്‌മിന്‍റണില്‍ പി വി സിന്ധു വെങ്കലവും നേടിയിരുന്നു. ഇന്ത്യക്കായി മൂന്ന് മെഡൽ നേടിയതും വനിത താരങ്ങളാണെന്ന പ്രത്യേകതയും ഇത്തവണത്തെ ഒളിമ്പിക്‌സിനുണ്ട്.