ടോക്കിയോ : കൊവിഡ് ഭീതിക്കിടെ ലോകത്തിന്‍റെ കണ്ണും കാതും ജപ്പാനിലെ ടോക്കിയോയിലേക്ക് ചുരുങ്ങിയ 16 ദിവസങ്ങള്‍. ട്രാക്കിലും ഫീല്‍ഡിലുമായുള്ള ചരിത്ര നേട്ടങ്ങള്‍, പൊട്ടിച്ചിരികള്‍, കണ്ണീര്‍ വിലാപങ്ങള്‍... അങ്ങനെ... അങ്ങനെ പറഞ്ഞ് തീരാത്തത്രയും ടോക്കിയോ വിശേഷങ്ങള്‍ക്ക് ഞായറാഴ്‌ച തിരശീല വീഴും.
ലോക കായിക മാമാങ്കത്തിന്, ഒളിമ്പിക്‌സിന് ഇന്ന് ഔദ്യോഗിക സമാപനം. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് സമാപന ചടങ്ങുകള്‍ ആരംഭിക്കുക. ജപ്പാന്‍റെ പാരമ്പര്യം ലോകത്തോട് വിളിച്ചോതുന്ന പരിപാടികള്‍ക്കൊടുവില്‍ ഒളിമ്പിക് ദീപശിഖ 2024 ലെ വേദിയായ പാരീസിലെ സംഘാടക സമിതിക്ക് കൈമാറും.
ചാമ്പ്യന്മാരായി അമേരിക്ക
കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡിനെ തുടര്‍ന്നാണ് നിരവധി ആശങ്കകള്‍ക്കിടയിലും ജൂലൈ 23ന് ആരംഭിച്ചത്. 42 വേദികളില്‍ 33 കായിക ഇനങ്ങളിലായി നടന്ന 339 മത്സരങ്ങള്‍ക്കൊടുവില്‍ ഇത്തവണയും അമേരിക്ക ഒന്നാമതെത്തി.
സ്വര്‍ണ വേട്ടയിലും മെഡല്‍ നേട്ടത്തിലും റിയോയയിലെ കണക്കിനൊപ്പമെത്താനായില്ലെങ്കിലും ലോക കായിക വേദിയില്‍ തലയെടുപ്പോടെ തന്നെ അവര്‍ നിന്നു. 39 സ്വര്‍ണം, 41 വെള്ളി, 33 വെങ്കലം എന്നിങ്ങനെയാണ് അമേരിക്കയുടെ പട്ടികയിലുള്ളത്.
38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമായി ചൈന രണ്ടാമതെത്തിയപ്പോള്‍ അതിഥേയരായ ജപ്പാന്‍ മൂന്നാം സ്ഥാനത്തെത്തി. 27 സ്വര്‍ണവും 14 വെള്ളിയും 17 വെങ്കലവുമുള്‍പ്പെടെ 58 മെഡലുകളാണ് ജപ്പാന്‍റെ പട്ടികയിലുള്ളത്.
ഇന്ത്യയ്ക്ക് പുതു ചരിത്രം
ഒളിമ്പിക് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേട്ടവുമായാണ് ഇക്കുറി ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ നിന്നും മടങ്ങുന്നത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ ആറ് മെഡലുകള്‍ എന്ന റെക്കോര്‍ഡാണ് ഇക്കുറി ഇന്ത്യ പഴങ്കഥയാക്കിയത്.
ലണ്ടനില്‍ രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ആറ് മെഡലുകളായിരുന്നു ഇന്ത്യയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാല്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമുള്‍പ്പെടെ ഏഴ് മെഡലുകള്‍ ടോക്കിയോയില്‍ ഇന്ത്യ സ്വന്തമാക്കി.
also read:ഒളിമ്പിക്സില്‍ കൂടുതല്‍ മെഡലുകളുമായി ഇന്ത്യ; ടോക്കിയോ ഒരു പുതുചരിത്രം