ടോക്കിയോ:ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിത ടീമിലെ ഹരിയാന സ്വദേശികളായ താരങ്ങൾക്ക് 50 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. ഹരിയാനയിൽ നിന്നുള്ള 9 താരങ്ങൾക്കാണ് ഈ സമ്മാനത്തുക ലഭിക്കുക എന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ അറിയിച്ചു.
'സംസ്ഥാനത്ത് നിന്നും ഒളിമ്പിക്‌സിൽ പങ്കെടുത്ത ഒൻപത് വനിതാ ഹോക്കി താരങ്ങൾക്ക് 50 ലക്ഷം വീതം സമ്മാനം നൽകും. ടോക്കിയോ ഒളിമ്പിക്‌സിൽ വിലമതിക്കാനാവാത്ത പ്രകടനം നടത്തിയ ഇന്ത്യൻ ടീമിനെ ഞാൻ അഭിനന്ദിക്കുന്നു', ഖട്ടാർ ട്വിറ്ററിൽ കുറിച്ചു.