ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ ഫെന്‍സിങ്ങിന്‍റെ രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായെങ്കിലും പുതു ചരിത്രം കുറിച്ചാണ് ഇന്ത്യന്‍ താരം ഭവാനി ദേവി ടോക്കിയോയില്‍ നിന്നും മടങ്ങുന്നത്. ഒളിമ്പിക് ചരിത്രത്തില്‍ ഫെൻസിങിന്‍റെ രണ്ടാം റൗണ്ടില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചായിരുന്നു താരത്തിന്‍റെ മടക്കം. ഇപ്പോഴിതാ കൂടെ നിന്ന എല്ലാവർക്കും നന്ദി പറയുന്നതിനോടൊപ്പം പാരീസ് ഒളിമ്പിക്സില്‍ മെഡല്‍ നേട്ടത്തിനായി ശ്രമിക്കുമെന്നാണ് താരം പറയുന്നത്.
"ഓരോ അവസാനത്തിനും ഒരു തുടക്കമുണ്ട്, രാജ്യത്തിന്‍റെ അഭിമാന നേട്ടത്തിനായി ഞാൻ എന്‍റെ പരിശീലനം തുടരും". ഭവാനി ദേവി പറഞ്ഞു. അതേസമയം ഫ്രാന്‍സിന്‍റെ ലോക നാലാം നമ്പര്‍ താരത്തോടേറ്റ പരാജയത്തില്‍ രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നതായും താരം ട്വിറ്ററില്‍ കുറിച്ചു.