ടോക്കിയോ : ഒളിമ്പിക്‌സ് ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി കമല്‍പ്രീത് കൗർ ഫൈനലില്‍ കടന്നു. ഗ്രൂപ്പ് ബിയില്‍ 64 മീറ്റർ ദൂരം കണ്ടെത്തിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്.
യോഗ്യത റൗണ്ടില്‍ നിലവിലെ ലോക ചാമ്പ്യൻ കുറിച്ചതിനേക്കാൾ മികച്ച ദൂരവുമായാണ് ഇന്ത്യൻ താരം ഒളിമ്പിക്‌സ് കലാശപ്പോരിന് എത്തുന്നത്.
ഗ്രൂപ്പ് ബിയില്‍ 60.29, 63.97, 64.00 കണ്ടെത്തിയാണ് കമല്‍പ്രീത് കൗർ രണ്ടാം സ്ഥാനത്തെത്തിയത്. 66.42 മീറ്റർ ദൂരം കണ്ടെത്തിയ അമേരിക്കൻ താരം വലേറി ഓൾമാനാണ് ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. തിങ്കളാഴ്‌ചയാണ് ഫൈനല്‍ പോരാട്ടം.
ആദ്യ റൗണ്ടില്‍ ആറാം സ്ഥാനത്തെതിയ സീമ പൂനിയയ്‌ക്ക് ഫൈനലിലേക്ക് യോഗ്യതയില്ല. 60.57 മീറ്റർ ദൂരം മാത്രം കണ്ടെത്താനേ സീമയ്‌ക്ക് കഴിഞ്ഞുള്ളൂ. നിയമപ്രകാരം ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുന്നതിന് താരങ്ങൾ 64 മീറ്റർ ദൂരം കണ്ടെത്തണം.