ടോക്കിയോ: ഒളിമ്പിക്‌സിന്‍റെ രണ്ടാം ദിനത്തില്‍ ഇന്ത്യയുടെ മെഡല്‍ സ്വപ്‌നങ്ങള്‍ പ്രതീക്ഷ നല്‍കി പുരുഷ ഹോക്കി ടീം. പൂള്‍ എയിലെ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്.
ഇരട്ടഗോള്‍ നേടിയ ഹർമൻപ്രീത് സിങ്ങിന്‍റെ കരുത്തിലാണ് ഇന്ത്യ ജയിച്ചു കയറിയത്. ഗോളി ശ്രീജേഷിന്‍റെ തകർപ്പൻ സേവുകളും ഇന്ത്യയുടെ വിജയത്തില്‍ നിർണായകമായി.
കളിയുടെ തുടക്കത്തിലെ ഗോള്‍ നേടി ന്യൂസിലൻഡ് മത്സരം പിടിച്ചെടുക്കാൻ നോക്കിയെങ്കിലും ഇന്ത്യ വിട്ടുകൊടുത്തില്ല. ആറാം മിനുട്ടില്‍ കെയ്‌ൻ റസലിലൂടെയാണ് ന്യൂസിലൻഡ് ആദ്യ ലീഡ് സ്വന്തമാക്കിയത്.
എന്നാല്‍ നാല് മിനുട്ടുകള്‍ക്കപ്പുറം പത്താം മിനുട്ടില്‍ ഇന്ത്യ ഒപ്പം പിടിച്ചു. പത്താം മിനുട്ടില്‍ രൂപീന്ദർ പാല്‍ സിങ്ങാണ് ഇന്ത്യയ്ക്കായി സ്കോർ ചെയ്തത്.
26ആം മിനുട്ടിലും 33ആം മിനുട്ടില്‍ ഗോള്‍ നേടി ഹർമൻപ്രീത് സിങ് ഇന്ത്യയുടെ ലീഡ് ഉയർത്തി. 43ആം മിനുട്ടില്‍ സ്‌റ്റീഫൻ ജെന്നെസിന്‍റെ ഗോളിലൂടെ ന്യൂസിലൻഡ് ഒപ്പം പിടിക്കാൻ ശ്രമിച്ചെങ്കിലും മൂന്നാം ഗോള്‍ നേടി ഒപ്പമെത്താനായില്ല.
അവസാന നിമിഷം ഗോള്‍വലയ്‌ക്ക് മുന്നിൽ മതില്‍ തീർത്ത ശ്രീജേഷ് ഇന്ത്യയ്‌ക്ക് ആദ്യ വിജയം നേടുന്നതില്‍ നിർണായക പങ്ക് വഹിച്ചു. ഞായറാഴ്‌ച ഓസ്ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത് മത്സരം.
also read:അമ്പെയ്‌ത്തില്‍ ആദ്യ റൗണ്ട് കടന്ന് ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം