ടോക്കിയോ:ഒളിമ്പിക്‌സിലെ പുരുഷ വിഭാഗം ഫുട്‌ബോളിൽ സ്പെയിനെ തകര്‍ത്ത ബ്രസീലിന് സ്വര്‍ണം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ സ്പെയിനെ കീഴടക്കിയത്. അധിക സമയം വരെ നീണ്ട മത്സരത്തിന്‍റെ 108ാം മിനുട്ടില്‍ മാല്‍ക്കോമാണ് ബ്രസീലിന്‍റെ വിജയഗോള്‍ നേടിയത്.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ കൂടുതല്‍ മേൽക്കൈ ബ്രസീലിനായിരുന്നു. ഇതിനിടെ 38ാം മിനിറ്റിൽ മുന്നിലെത്താന്‍ ലഭിച്ച അവസരം റിച്ചാലിസണ്‍ പാഴാക്കിയത് തിരിച്ചടിയായി. മത്തേയൂസ് കുന്യയെ സ്പാനിഷ് ഗോളി ഉനായ് സൈമൺ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി റിച്ചാർലിസണ്‍ പുറത്തേക്കടിച്ചു കളയുകയായിരുന്നു.
തുടര്‍ന്ന് അധിക സമയത്ത് 47ാം മിനിട്ടില്‍ കുന്യ തന്നെ ടീമിനെ മുന്നിലെത്തിച്ചു. ക്യാപ്റ്റന്‍ ഡാനി ആല്‍വസ് തൊടുത്ത കോര്‍ണര്‍ കിക്ക് സ്വീകരിച്ച താരം പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഗോള്‍ വീണതോടെ രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച സ്പെയിന്‍ 61ാം മിനിട്ടില്‍ ഒപ്പം പിടിച്ചു.
also read:ചരിത്രമെഴുതി നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ ഇന്ത്യക്ക് സ്വർണം
നായകന്‍ മിക്കേല്‍ ഒയാര്‍സബാലാണ് സ്പാനിഷുകാര്‍ക്കായി ലക്ഷ്യം കണ്ടത്. ഇതോട മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ കണ്ടെത്താന്‍ ഇരു സംഘവും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒരു കൗണ്ടർ അറ്റാക്കിലൂടെ മാൽക്കം ബ്രസീലിന്‍റെ വിജയ ഗോള്‍ തൊടുത്തു.