ടോക്കിയോ : ഒളിമ്പിക്‌സ് ചെറുപ്പക്കാര്‍ക്ക് മാത്രമുള്ളതല്ലെന്ന് സ്കേറ്റ്ബോർഡിങ്ങിലെ മെഡല്‍ നേട്ടങ്ങള്‍ കൊണ്ട് ജപ്പാന്‍റെ കുട്ടികള്‍ തെളിയിച്ചതാണ്. സ്ട്രീറ്റ് ഇനത്തിൽ സ്വർണം നേടിയ മോമിജി നിഷിയയുടെ പ്രായം 13 വയസായിരുന്നു.
എന്നാല്‍ ഷൂട്ടിങ് റേഞ്ചില്‍ മെഡല്‍ വെടിവച്ചിട്ടത് 57 കാരനായ അബ്ദുല്ല അൽ റാഷിദിയാണ്. പുരുഷൻമാരുടെ സ്കീറ്റിൽ വെങ്കല മെഡലായിരുന്നു താരത്തിന്‍റെ നേട്ടം.
ഒപ്പം മത്സരിച്ച മൂത്ത മകന്‍ മൻസൂർ അൽ റാഷിദിയെ പിന്നിലാക്കിയാണ് അബ്ദുല്ല മെഡല്‍ നേടിയത്. ഇളയ മകനായ തലാൽ അൽ റാഷിദി മത്സരിച്ചത് ട്രാപ്പ് ഇനത്തിലാണ്. ഏഴ് തവണ ഒളിമ്പിക്സില്‍ മത്സരിച്ച അബ്ദുല്ലയുടെ രണ്ടാം മെഡലാണിത്.
കുവൈത്തിനായുള്ള ആദ്യമെഡലും. 1996ലെ അറ്റ്ലാന്‍ഡയിലായിരുന്നു താരത്തിന്‍റെ ഒളിമ്പിക് അരങ്ങേറ്റം. തുടര്‍ന്ന് സിഡ്നി(2000) , ഏഥന്‍സ്(2004) , ബീജിങ്(2008), ലണ്ടന്‍(2012) , റിയോ (2016) ഒളിമ്പിക്സിലും അബ്ദുല്ല മത്സരിക്കാനിറങ്ങി.
also read: ഒളിമ്പിക് ടെന്നീസ് കോര്‍ട്ടില്‍ വമ്പൻ അട്ടിമറി; ജപ്പാന്‍റെ നവോമി ഒസാക്ക പുറത്ത്
റിയോയിലായിരുന്നു താരത്തിന്‍റെ വെങ്കല മെഡല്‍ നേട്ടം. എന്നാല്‍ കുവൈത്തിന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ വിലക്കുണ്ടായിരുന്നതിനാല്‍ സ്വതന്ത്ര അത്‌ലറ്റായാണ് മത്സരിച്ചത്.
ഇംഗ്ലീഷ് പ്രിമിയർ ലീഗ് ക്ലബ് ആർസണിലിന്‍റെ പരിശീലന ജഴ്‌സിയണിഞ്ഞ് ഷൂട്ടിങ് റേഞ്ചിലിറങ്ങിയ അബ്ദുല്ലയുടെ ചിത്രം വൈറലായിരുന്നു. ഇതോടെ രാജ്യത്തിനായി മെഡല്‍ നേടാനുറപ്പിച്ചായിരുന്നു ഇക്കുറി മക്കളേയുംകൂട്ടി അബ്ദുല്ല എത്തിയത്.