ടോക്കിയോ: ഈ ഒളിമ്പിക്‌സിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്ന് ഒരു പക്ഷെ പ്രഥമ സ്കേറ്റ് ബോർഡിങ് വനിത വിഭാഗത്തിന്‍റെ ഫൈനൽ ആയിരിക്കും. ആദ്യ മൂന്ന് സ്ഥാനക്കാരുടെ പ്രായം കൊണ്ട് വിസ്മയമാവുകയായിരുന്നു മത്സരം. ഒളിമ്പിക്‌സിലേക്ക് പ്രൊമോഷൻ കിട്ടിയ സ്കേറ്റ് ബോർഡിങ്ങിൽ സ്വർണം നേടിയ ജാപ്പനീസ് താരം മോമിജി നിഷിയക്ക് പ്രായം വെറും 13 വർഷവും 330 ദിവസവും.
Also Read:'കഴിവിന്‍റെ പരമാവധി ശ്രമിച്ചു; വിജയിക്കാനായില്ല, മാപ്പ്': ഭവാനി ദേവി
ഫൈനലിൽ നിഷയയ്‌ക്ക് ലഭിച്ച സ്കോർ 15.26 ആണ്. 2021ൽ റോമിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ വെള്ളി നേട്ടമാണ് ഒളിമ്പിക്‌സില്‍ സ്വർണമായി ഈ പതിമൂന്നുകാരി ഉയർത്തിയത്. ബ്രസിലുകാരി റെയ്‌സ ലീലിനാണ് വെള്ളി. റെയ്‌സക്ക് നിഷിയയെക്കാൾ പ്രായം കുറവാണ്. 13 വർഷവും 203 ദിവസവും ആണ് റെയ്‌സയുടെ പ്രായം. 14.64 എന്ന സ്കോറാണ് റെയ്‌സക്ക് വെള്ളി നേടിക്കൊടുത്തത്. 14.49 പോയിന്‍റുമായി വെങ്കല മെഡൽ നേടിയതും ജപ്പാന്‍റെ തന്നെ കൗമാര താരം പതിനാറുകാരി ഫ്യൂന നകായാമയാണ്.
സ്കേറ്റ് ബോർഡിങ്ങ് പുരുഷ വിഭാഗത്തിലും സ്വർണം ആതിഥേയരായ ജപ്പാനു തന്നെയാണ്. ഇരുപത്തിരണ്ടുകാരനായ യൂട്ടോ ഹോറിഗോമിക്കാണ് പുരുഷ വിഭാഗം സ്വർണം. വെള്ളി നേടിയത് ബ്രസീലിന്‍റെ കോൽവിൻ ഹോഫ്ളറും വെങ്കലം യുഎസിന്‍റെ ഇരുപതുകാരൻ ജാഗർ ഇറ്റൺ ആണ്. സ്കേറ്റിങ്ങ് ബോർഡ്, സർഫിങ്ങ്, സ്പോർട് ക്ലൈംബിങ്, കരാട്ടെ എന്നിവയാണ് ടോക്കിയോ ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയ പുതിയ ഇനങ്ങൾ.