ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന് ആദ്യ മെഡൽ നേടിക്കൊടുത്ത വെയ്റ്റ് ലിഫ്റ്റിങ് താരം മീരാബായി ചാനുവിനെ അഭിനന്ദിച്ച് മുന്‍ കായിക മന്ത്രി കിരണ്‍ റിജിജു. ആദ്യ ദിവസത്തെ മെഡൽ നേട്ടം വളരെ സവിശേഷമാണെന്നും മറ്റുള്ള താരങ്ങള്‍ക്ക് ഇത് പ്രചോദനമാവുമെന്നും അദ്ദേഹം പറഞ്ഞു. ചാനുവിന്‍റെ മെഡല്‍ നേട്ടം രാജ്യത്തിനുള്ള അംഗീകാരമാണെന്നും ടോക്കിയോയില്‍ മെഡല്‍ നേടുമെന്ന് മണിപ്പൂരുകാരിയായ താരം നേരത്തെ തന്നെ വാക്ക് തന്നിരുന്നുവെന്നും നിലവിലെ നിയമ വകുപ്പ് മന്ത്രി കൂടിയായ റിജിജു കൂട്ടിച്ചേര്‍ത്തു.
അതേസമയം ടോക്കിയോയില്‍ രാജ്യത്തിന് ആദ്യ ഒളിമ്പിക് മെഡല്‍ സമ്മാനിച്ച് അഭിമാനമായ ചാനുവിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങി നിരവധി പ്രമുഖരുള്‍പ്പെടെ ചാനുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ടോക്കിയോയില്‍ ഇന്ത്യക്ക് ഇതിനെക്കാൾ മികച്ചൊരു തുടക്കം ലഭിക്കാനില്ലെന്നും രാജ്യത്തെ ഓരോര്‍ത്തര്‍ക്കും ചാനുവിന്‍റെ നേട്ടം പ്രചോദനമാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.