ടോക്കിയോ: ആവേശകരമായ പോരാട്ടങ്ങള്‍ക്കപ്പുറം അസുലഭമായ പല മുഹൂര്‍ത്തങ്ങള്‍ക്കും ലോക കായിക മാമാങ്കത്തിന്‍റെ വേദിയായ ഒളിമ്പിക്സ് സാക്ഷ്യം വഹിക്കാറുണ്ട്. ഇപ്പോഴിതാ സ്നേഹത്തിനും സൗഹൃദത്തിനും പങ്കുവെയ്ക്കലിനും പുതിയ മാനങ്ങള്‍ കൂടി നല്‍കുകയാണ് ഖത്തറിന്‍റെ മുതാസ് ഈസ ബർഷിമും ഇറ്റലിയുടെ ജിയാൻമാർക്കോ ടാംബേരിയും. ടോക്കിയോയില്‍ പുരുഷ ഹൈജംപ് പിറ്റിലാണ് ലോക സൗഹൃദ ദിനം കൂടിയായിരുന്ന ഇന്നലെ ലോകത്തിന്‍റെ ഹൃദയം കവര്‍ന്നത്.
മത്സരത്തില്‍ സ്വർണ മെഡൽ പങ്കുവയ്ക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ആവേശം നിറഞ്ഞ പോരാട്ടത്തിന്‍റെ ആദ്യ ശ്രമത്തില്‍ തന്നെ 2.37 ഇരുവര്‍ക്കും മീറ്റർ കണ്ടെത്താനായി. എന്നാല്‍ ലക്ഷ്യം 2.39 മീറ്ററായി ഉയര്‍ത്തിയോടെ മൂന്ന് ശ്രമങ്ങളിലും ഇരുവരും പരാജയപ്പെടുകയും ചെയ്തു.
ബർഷിമിനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കുവെയ്ക്കുന്ന ടാംബേരി. ബർഷിമിനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കുവെയ്ക്കുന്ന ടാംബേരി. also read:ഒളിമ്പിക് ഹോക്കിയില്‍ ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പട, ഓസ്ട്രേലിയയെ അട്ടിമറിച്ച് സെമിയില്‍
തുടര്‍ന്ന് സമനിലക്കുരുക്ക് പൊട്ടിക്കാന്‍ 'ജംപ് ഓഫി'ലേക്ക് കടക്കാന്‍ ഒഫീഷ്യല്‍സ് തയ്യാറെടുക്കുന്നതിനിടെയാണ് ഖത്തറിന്‍റെ ലോക ചാമ്പ്യന്‍ കൂടിയായ ബർഷിം സ്വര്‍ണം പങ്കുവെയ്ക്കാനാവുമോയെന്ന് ചോദിക്കുന്നത്. മറുപടി അനുകൂലമായതോടെ 29കാരനായ ടാംബേരി കുതിച്ച് ചാടിയും ബർഷിമിനെ കെട്ടിപ്പിടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഏറെ നാളായി ജംപിങ് പിറ്റിന് അകത്തും പുറത്തും ആത്മസുഹൃത്തുക്കളാണ് ഇരുവരും. സ്വര്‍ണം പങ്കുവെയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെ ബര്‍ഷിം പറഞ്ഞതിങ്ങനെ.."ഞാൻ അവനെ നോക്കി, അവൻ എന്നെയും. ഞങ്ങള്‍ക്ക് പരസ്പരം അതറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ അത് തീരുമാനിച്ചു. മറ്റൊന്നിന്‍റെയും ആവശ്യമില്ലായിരുന്നു. ട്രാക്കിന് അകത്തും പുറത്തും അവനെന്‍റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്. ഞങ്ങൾ ഇവിടെ ഈ സന്ദേശം നൽകുന്നു". മാനവ രാശിക്ക് സ്നേഹത്തിന്‍റെ പുതിയൊരു മാതൃക.