ടോക്കിയോ: ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണിൽ വെങ്കലമെഡൽ സ്വന്തമാക്കി പി.വി സിന്ധു രാജ്യത്തിനഭിമാനമായിരിക്കുകയാണ്. ചൈനയുടെ ലോക ഒമ്പതാം നമ്പര്‍ താരം ഹെ ബിങ് ജിയാവോക്കെതിരെ തുടർച്ചയായ സെറ്റുകൾ നേടിക്കൊണ്ടാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്.
വെങ്കല നേട്ടത്തോടൊപ്പം തന്നെ രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ആദ്യ ഇന്ത്യൻ വനിത താരവും എന്ന റെക്കോഡ് നേട്ടവും സിന്ധു കൈവരിച്ചിരിക്കുകയാണ്. റിയോ ഒളിമ്പിക്‌സിൽ സിന്ധു വെള്ളിമെഡൽ നേടിയിരുന്നു. രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയ ഗുസ്തി താരം സുശീൽ കുമാറാണ് സിന്ധുവിനോടൊപ്പമുള്ള മറ്റൊരു ഇന്ത്യൻ താരം.
ഇത് കൂടാതെ തന്നെ ബാഡ്‌മിന്‍റണിൽ എലൈറ്റ് താരങ്ങളുടെ ലിസ്റ്റിലും സിന്ധു ഇടം പിടിച്ചു. തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സുകളിൽ ബാഡ്‌മിന്‍റണില്‍ മെഡല്‍ സ്വന്തമാക്കിയ ലോകത്തിലെ നാലാമത്തെ താരം കൂടിയാണ് സിന്ധു. ടൂര്‍ണമെന്‍റിലുടനീളം വിജയിച്ച മത്സരങ്ങളിൽ സിന്ധു ഒറ്റ സെറ്റു പോലും വിട്ടുനല്‍കിയിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്.