ടോക്കിയോ : പാരാലിംപിക്‌സില്‍ മിന്നുന്ന പ്രകടനം നടത്തി വെങ്കലം സ്വന്തമാക്കിയ ഇന്ത്യൻ താരം വിനോദ് കുമാറിന് തിരിച്ചടി.
ഡിസ്കസ് ത്രോ ക്ലാസ് എഫ് 52 വിഭാഗത്തിൽ വെങ്കലം നേടിയ വിനോദ് കുമാറിന്‍റെ മെഡൽ അസാധുവാക്കി.
മത്സരിക്കുന്ന കാറ്റഗറി നിര്‍ണയത്തില്‍ യോഗ്യത ഇല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് താരത്തിന്‍റെ മെഡല്‍ റദ്ദാക്കിയത്.
19.91 മീറ്റർ ദൂരം കണ്ടെത്തിയ താരം ഏഷ്യൻ റെക്കോഡോടെയായിരുന്നു മെഡൽ സ്വന്തമാക്കിയത്. വൈകല്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് അത്‌ലറ്റുകളെ കാറ്റഗറി ചെയ്യുന്നത്.
ഇതിൽ വന്ന പിഴവാണ് വിനോദ് കുമാറിന് മെഡൽ നഷ്‌ടപ്പെടുത്തിയത്. ക്ലാസിഫിക്കേഷന്‍ പൂര്‍ത്തിയാക്കാതെയാണ് 41കാരനായ വിനോദ് കുമാറിനെ ഇന്ത്യന്‍ പാരാലിംപിക് കമ്മിറ്റി മത്സരിപ്പിച്ചത്.
ALSO READ:പാരാലിമ്പിക്‌സ്: ഷൂട്ടിങ്ങില്‍ സിങ്‌രാജ് അദാനയ്‌ക്ക് വെങ്കലത്തിളക്കം
ഒരേ തരത്തിലുള്ള വൈകല്യമുള്ളവര്‍ തമ്മിലാണ് മത്സരങ്ങളുണ്ടാകുക. എന്നാൽ എഫ് 52 വിഭാഗത്തില്‍ മത്സരിക്കാന്‍ വിനോദ് കുമാര്‍ യോഗ്യനായിരുന്നില്ല.
വിനോദ് കുമാറിന്‍റെ കാര്യത്തില്‍ കാറ്റഗറി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചതായി സംഘാടക സമിതിയും സമ്മതിച്ചിട്ടുണ്ട്.