ടോക്കിയോ: ഒളിമ്പിക്‌സ് ഹോക്കി സെമിയിൽ ബെൽജിയത്തോട് തോറ്റത് ലീഡ് നിലനിർത്താൻ സാധിക്കാത്തതിനാലാണെന്ന് ഇന്ത്യൻ കോച്ച് ഗ്രഹാം റീഡ്. സെമിയിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യക്കെതിരെ ബെൽജിയം വിജയം സ്വന്തമാക്കിയത്.
'മത്സരം ജയിക്കാനായി ഞങ്ങൾ ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു. ലീഡ് നേടിയാൽ പോലും ബെൽജിയം തിരിച്ചുവരാൻ കഴിവുള്ള ടീമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ആദ്യ ഘട്ടത്തിൽ നേടിയ 2-1ലീഡ് ഞങ്ങൾക്ക് നിലനിർത്താൻ കഴിഞ്ഞില്ല. അതാണ് തോൽവിക്ക് പ്രധാന കാരണം', റീഡ് പറഞ്ഞു.
ആദ്യ ഘട്ടത്തിൽ 2-1 ന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടത്. അത് കൂടാതെ കളിയുടെ നിർണായക സമയത്ത് മൻപ്രീത് സിങിന് ഗ്രീൻ കാർഡ് കണ്ടതും ടീമിന് തിരിച്ചടിയായിരുന്നു.
ALSO READ:ഫൈനൽ മോഹങ്ങൾക്ക് വിട ; ഒളിമ്പിക്‌സ് ഹോക്കി സെമിയിൽ ഇന്ത്യക്ക് തോൽവി
'പെനാൽറ്റി കോർണറുകളാണ് കളിയിലെ വില്ലനായത്. നിരവധി പെനാൽറ്റി അവസരങ്ങൾ ബെൽജിയത്തിന് ലഭിച്ചു. അതാണ് മത്സരത്തിന്‍റെ ഗതി മാറ്റിയത്. അതുകൂടാതെ ഇന്ത്യക്ക് ലഭിച്ച ഗ്രീൻകാർഡ് മത്സരത്തെ മറ്റി. അതിന് ശേഷമാണ് ബെൽജിയം ലീഡ് എടുത്ത് തുടങ്ങിയത്. ഇനി വെങ്കലം നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പോരായ്‌മകൾ പരിഹരിച്ച് ഞങ്ങൾ വിജയം നേടും', റീഡ് കൂട്ടിച്ചേർത്തു.