ടോക്കിയോ: ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ മിക്‌സഡ് റിലേയിലും ഇന്ത്യക്ക് തിരിച്ചടി. 4x400 മീറ്റർ മിക്‌സഡ് റിലേ ഹീറ്റ്‌സിൽ ഇന്ത്യൻ ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. സീസണിലെ മികച്ച സമയമായ 3.19.93 സെക്കന്‍റിലാണ് ഇന്ത്യൻ ടീം ഓടിക്കയറിയത്.
മലയാളി താരം മുഹമ്മദ് അനസ്, രേവതി വീരമണി, ശുഭ വെങ്കിടേഷ്, ആരോക്യ രാജീവ് എന്നിവരാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. മുഹമ്മദ് അനസാണ് ഇന്ത്യക്കായി ആദ്യ പാദം ഓടിയത്. രണ്ടാം പാദത്തിൽ രേവതിക്ക് ബാറ്റണ്‍ കൈമാറിയപ്പോൾ ഇന്ത്യ ഏഴാം സ്ഥാനത്തായിരുന്നു. തുടർന്ന് ഓടിയ ശുഭ വെങ്കിടേഷിനും, ആരോക്യ രാജീവിനും മുന്നേറാനായില്ല.
ALSO READ:അത്ലറ്റിക്‌സ് ആദ്യ ദിനം നിരാശ; ദ്യുതി ചന്ദും, ജാബിറും, അവിനാശും ആദ്യ റൗണ്ടിൽ പുറത്ത്
ഇന്ത്യയെക്കാൾ ഒൻപത് സെക്കന്‍റ് വേഗത്തിൽ ഫിനിഷ് ചെയ്ത പോളണ്ടാണ് ഹീറ്റിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഹീറ്റ്സിൽ പോളണ്ട് കോണ്ടിനെന്‍റല്‍ റെക്കോര്‍ഡിട്ടപ്പോള്‍ മറ്റ് നാലു രാജ്യങ്ങള്‍ പുതിയ ദേശീയ റെക്കോര്‍ഡിട്ടു. ഏഴാമതെത്തിയ ബ്രസീലും കോണ്ടിനെന്‍റല്‍ റെക്കോര്‍ഡിട്ടു.
നേരത്തെ വനിതകളുടെ 100 മീറ്റർ ഹീറ്റ്‌സിൽ മത്സരിച്ച ദ്യുതി ചന്ദ്, 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ച മലയാളി താരം എം.പി ജാബിർ, പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ മത്സരിച്ച അവിനാശ് സാബ്‌ളെ എന്നിവർ ഹീറ്റ്‌സിൽ തന്നെ പുറത്തായിരുന്നു.