ടോക്കിയോ: ഒളിമ്പിക് പുരുഷൻമാരുടെ 4x400 മീറ്റർ ഹീറ്റ്സിൽ ഏഷ്യൻ റെക്കോഡ് തിരുത്തിക്കുറിച്ചെങ്കിലും ഫൈനൽ കാണാതെ ഇന്ത്യൻ ടീം പുറത്ത്. രണ്ട് മലയാളികൾ ഉൾപ്പെട്ട ടീമിൽ 3:00:25 സെക്കൻഡില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്‌തത്. ഖത്തറിന്‍റെ പേരിലുള്ള 3:00:56 സെക്കന്‍റിന്‍റെ ഏഷ്യൻ റെക്കോഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചത്.
മലയാളി താരങ്ങളായ മുഹമ്മദ് അനസും, നോഹ നിര്‍മല്‍ ടോമും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയതും കേരളത്തിന് അഭിമാനമായി. മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, ആരോക്യ രാജീവ്, അമോജ് ജേക്കബ് എന്നിവരാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്.
നേരിയ വ്യത്യാസത്തിലാണ് ഇന്ത്യൻ ടീമിന് ഫൈനൽ നഷ്ടമായത്. 16 ടീമുകൾ മാറ്റുരച്ച രണ്ട് ഹീറ്റ്സുകളിൽ ഓവറോൾ റാങ്കിങിൽ 9-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്‌തത്. ആദ്യത്തെ 8 ടീമുകളാണ് ഫൈനലിൽ യോഗ്യത നേടിയത്. ഫൈനലിൽ യോഗ്യത നേടാനായില്ലെങ്കിലും കരുത്തരായ ജപ്പാനും, ഫ്രാൻസിനും, ദക്ഷിണാഫ്രിക്കക്കും, കൊളംബിയക്കും മുന്നിലെത്താൻ ഇന്ത്യക്കായി.
ALSO READ:'രാജ്യം നിങ്ങളിൽ അഭിമാനിക്കുന്നു'; വനിത ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ആകെയുള്ള രണ്ട് ഹീറ്റ്സിൽനിന്നും ആദ്യമെത്തുന്ന മൂന്നു ടീമുകൾ വീതമാണ് ഫൈനലിൽ കടക്കുക. ഇതിനൊപ്പം ഏറ്റവും മികച്ച സമയം കുറിക്കുന്ന അടുത്ത രണ്ടു ടീമുകളും ഫൈനലിൽ കടക്കും.