ടോക്കിയോ : ഒളിമ്പിക്‌സ് ഹോക്കിയിൽ ജർമനിയെ കീഴടക്കി ഇന്ത്യയ്ക്ക് വെങ്കലം. നാല് പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നേടുന്നത്. ടോക്കിയോയിൽ ഇന്ത്യയുടെ അഞ്ചാമത്തെ മെഡൽ നേട്ടമാണിത്.
മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ജർമനിയുടെ മുന്നേറ്റങ്ങൾ ഗോളുകളാകാതിരുന്നതില്‍ നിര്‍ണായകമായത് ഇന്ത്യൻ ടീമിന്‍റെ കാവൽക്കാരൻ മലയാളി താരം പി.ആര്‍ ശ്രീജേഷാണ്.
ശ്രീജേഷിന്‍റെ മിന്നും സേവുകളാണ് മത്സരത്തിന്‍റെ പല ഘട്ടത്തിലും ഇന്ത്യക്ക് തുണയായത്. മാനുവൽ ഫ്രെഡറിക്കിന് ശേഷം ഒളിമ്പിക് മെഡൽ നേടുന്ന മലയാളി എന്ന നേട്ടവും ശ്രീജേഷ് സ്വന്തം പേരിലാക്കി.
ഇന്ത്യക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.
സെമിയിൽ 5-2ന് ബെൽജിയത്തോടേറ്റ തോൽവിക്ക് പകരമെന്നോണമാണ് ഇന്ത്യ ജർമ്മനിക്കെതിരെ പൊരുതിയത്. 1-3 ന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ മത്സരത്തിലേക്ക് വൻ തിരിച്ചുവരവ് നടത്തിയത്.
രണ്ടാം മിനിട്ടിൽ ഗോൾ നേടി ജര്‍മനി ഇന്ത്യയെ ഞെട്ടിച്ചു. ഇന്ത്യൻ പ്രതിരോധത്തിലെ പിഴവ് മനസിലാക്കി ടിമര്‍ ഓറസാണ് ജര്‍മനിക്ക് വെണ്ടി ഗോൾ നേടിയത്.
രണ്ടാം ക്വർട്ടറിലാണ് ഇന്ത്യക്ക് സമനിലഗോൾ കണ്ടെത്താനായത്. സിമ്രാന്‍ജീത്ത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ഇതോടെ മത്സരം ആവേശത്തിലായെങ്കിലും ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ജർമ്മനി അടുത്തടുത്ത മിനിട്ടുകളിൽ ഗോളുകൾ നേടി ലീഡുയർത്തി. 24-ാം മിനിട്ടില്‍ നിക്ലാസ് വെല്ലെനിലൂടെ രണ്ടാം ഗോളും, 25-ാം മിനിട്ടില്‍ ബെനെഡിക്റ്റ് ഫര്‍ക്കിലൂടെ മൂന്നാം ഗോളും ജർമ്മനി കണ്ടെത്തി.
തുടർന്ന് ഉണർന്ന് കളിച്ച് ഇന്ത്യക്കായി 27-ാം മിനിട്ടിൽ ഹാർദിക് സിങ് ഗോൾ നേടി. തൊട്ട് പിന്നാലെ പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് കൗർ ഇന്ത്യക്കായി മൂന്നാം ഗോൾ നേടിയതോടെ മത്സരം സമനിലയിലായി. തുടർന്ന് മൂന്നാം ക്വാർട്ടറിന്‍റെ തുടക്കത്തിൽ തന്നെ പെനാൽറ്റിയിലൂടെ രൂപീന്ദർ പാൽ സിങ് നാലാം ഗോളും നേടി മത്സരത്തിൽ ഇന്ത്യയുടെ ലീഡുയർത്തി.
സിമ്രാൻജീത്ത് സിങാണ് ഇന്ത്യയുടെ അഞ്ചാമത്തെ ഗോൾ നേടിയത്. ഇതോടെ ഒരു ഘട്ടത്തിൽ 1-3ന് പിന്നിൽ നിൽക്കുകയായിരുന്ന ഇന്ത്യ 5-3ന്‍റെ മികച്ച ലീഡ് നിലനിർത്തി മത്സരം കൈപ്പിടിയിലൊതുക്കി.
നാലാം ക്വാർട്ടറിൽ ഗോളിനായി ആക്രമിച്ച് കളിച്ച ജർമ്മനി 48-ാം മിനിട്ടിൽ പെനാൽറ്റി കോർണറിലൂടെ ഗോൾ നേടിയെങ്കിലും 5-4 എന്ന സ്കോറിൽ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ALSO READ:'2024ലെ പാരീസ് ഒളിമ്പിക്സിലും ഞാനുണ്ടാവും': പിവി സിന്ധു
ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയുടെ സമ്പാദ്യം. ഒളിമ്പിക്‌സ് ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.