ടോക്കിയോ :ടോക്കിയോ ഒളിമ്പിക്‌സ് പുരുഷഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി. ശക്തരായ ബെൽജിയത്തിനെതിരെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ഒളിമ്പിക്‌സ് ഹോക്കി ഫൈനൽ എന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് തിരശ്ശീല വീണു. ഇനി വെങ്കലമെഡലിനായുള്ള മത്സരത്തിൽ ഓസ്‌ട്രേലിയ -ജർമനി മത്സരത്തിൽ പരാജയപ്പെടുന്ന ടീമിനെ ഇന്ത്യ നേരിടും.
രണ്ടാം മിനിട്ടിൽ ആദ്യ ഗോൾ
ബെൽജിയത്തിനായി ഹാട്രിക്ക് ഗോളുകൾ നേടിയ അലക്‌സാണ്ടർ ഹെൻഡ്രിക്‌സ് ആണ് ഇന്ത്യയുടെ വിജയമോഹത്തിന് തിരിച്ചടിയേകിയത്. ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് മത്സരം തുടങ്ങി രണ്ടാം മിനിട്ടിൽ ബെല്‍ജിയം ലീഡെടുത്തു. പെനാല്‍ട്ടി കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഫാനി ലൂയ്‌പേര്‍ട്ടാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയത്.
തിരിച്ചടിച്ച് ഇന്ത്യ
ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന് കളിച്ച ഇന്ത്യ 11-ാം മിനിട്ടില്‍ തന്നെ തിരിച്ചടിച്ച് സമനില പിടിച്ചു. പെനാല്‍ട്ടി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് സിങ്ങാണ് ബെല്‍ജിയത്തിന്‍റെ വല കുലുക്കിയത്. താരത്തിന്‍റെ ഒളിമ്പിക്‌സിലെ അഞ്ചാം ഗോളാണിത്. സമനില ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ ബെല്‍ജിയത്തെ ഞെട്ടിച്ചുകൊണ്ട് മന്‍ദീപ് സിങ്ങ് ഇന്ത്യക്കായി രണ്ടാം ഗോള്‍ നേടി.
എന്നാൽ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ തന്നെ ബെല്‍ജിയം സമനില പിടിച്ചു. 19-ാം മിനിട്ടില്‍ ബെല്‍ജിയത്തിന്‍റെ അലെക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സിലൂടെയായിരുന്നു ഇത്. ഇതോടെ സ്‌കോര്‍ 2-2 എന്ന നിലയിലായി. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഇരുടീമുകളും സമനില പാലിച്ചു. മൂന്നാം ക്വർട്ടറിൽ ഇരു ടീമുകളും ശക്തമായി പൊരുതിയെങ്കിലും ആർക്കും ഗോൾ നേടാനായില്ല.
അഞ്ചടിച്ച് ലോക ചാമ്പ്യൻമാർ
എന്നാൽ പിന്നീടങ്ങോട്ട് ബെൽജിയത്തിന്‍റെ തേരോട്ടമായിരുന്നു. നാലാം ക്വാർട്ടറിലാണ് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് ബെൽജിയം മൂന്നാം ഗോൾ നേടിയത്. തുടർന്ന് 53-ാം മിനിട്ടിൽ ലഭിച്ച പെനാലിറ്റി കോർണറും ഹെൻഡ്രിക്‌സ് ഗോളാക്കി.
അവസാന മിനിട്ടുകളിൽ ഗോൾ നേടാനായി ഇന്ത്യൻ സംഘം ബെൽജിയം ഗോൾ പോസ്റ്റിലേക്ക് മുന്നേറിയ തക്കത്തിൽ പന്ത് പിടിച്ചെടുത്ത ഡൊമിനിക് ഡോഹ്മെൻ ബെൽജിയത്തിനായി അഞ്ചാമത്തെ നിറയൊഴിച്ചു.
ALSO READ:ഹോക്കിയില്‍ ഇന്ത്യന്‍ പെണ്‍പടയുടെ തേരോട്ടം; കാണാം ഗുര്‍ജീതിന്‍റെ തകര്‍പ്പന്‍ ഗോള്‍
1972ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയിൽ സെമിയിൽ കടക്കുന്നത്. 1964ലാണ് ഇന്ത്യ അവസാനമായി ഒളിമ്പിക്‌സിൽ ഫൈനലിലെത്തുന്നത്. 57 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്‌സ് ഫൈനൽ കളിക്കാനുള്ള ഇന്ത്യൻ സംഘത്തിന്‍റെ മോഹങ്ങളാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.