ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ പഞ്ചാബ് താരങ്ങൾക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. 'ഇതൊരു ചരിത്ര ദിനമാണ്, ടീമിലെ പഞ്ചാബ് താരങ്ങൾക്ക് സന്തോഷപൂർവം ഒരു കോടി രൂപ വീതം ക്യാഷ് അവാർഡ് പ്രഖ്യാപിക്കുന്നു. നിങ്ങളുടെ മടങ്ങിവരവിനായി ഞങ്ങൾ കാത്തിരിക്കുന്നു', പഞ്ചാബ് കായികമന്ത്രി റാണ ഗുർമിത് സിങ് സോധി ട്വീറ്റ് ചെയ്തു.
ക്യാപ്റ്റൻ മൻപ്രീത് സിങ്, ഹർമൻ പ്രീത് സിങ്, രൂപീന്ദർ പാൽ സിങ്, ഹാർദിക് സിങ്, ഷംഷേർ സിങ്, ദിൽപ്രീത് സിങ്, ഗുർജന്ത് സിങ്, മൻദീപ് സിങ് എന്നിങ്ങനെ എട്ട് പഞ്ചാബ് താരങ്ങളാണ് ഇന്ത്യൻ ഹോക്കി ടീമിൽ കളിക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീം സ്വർണമെഡൽ നേടിയാൽ പഞ്ചാബ് താരങ്ങൾക്ക് 2.25 കോടി രൂപവീതം പാരിതോഷികം നൽകുമെന്ന് നേരത്തെ പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.