കേരളം

kerala

ETV Bharat / sports

'ഇനിയും ഏറെ നേടാനുണ്ട്, ബയോപിക്കുകള്‍ പിന്നെയാവാം'; നീരജ് ചോപ്ര ഇടിവി ഭാരതിനോട് - നീരജ് ചോപ്ര

'ഒളിമ്പിക് അത്‌ലറ്റിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരനാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമാണുള്ളത്. അതും സ്വര്‍ണം. വാക്കുകളില്‍ മാത്രം പ്രകടിപ്പിക്കാൻ കഴിയുന്ന വികാരമല്ല അത്'

Neeraj Chopra  Tokyo Olympics  Olympic gold medallist  Athletics  Javelin throw  നീരജ് ചോപ്ര  ടോക്കിയോ മെഡല്‍ ജേതാവ്
'ഇനിയും ഏറെ നേടാനുണ്ട്; ബയോപിക്കുകള്‍ പിന്നെയാവാം'; നീരജ് ചോപ്ര ഇടിവി ഭാരതിനോട്

By

Published : Aug 9, 2021, 7:00 PM IST

ടോക്കിയോ :ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം എറിഞ്ഞിട്ട് ഇന്ത്യയുടെ അഭിമാനമായ താരമാണ് നീരജ് ചോപ്ര. പുരുഷൻമാരുടെ ജാവലിന്‍ ത്രോയില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സുവര്‍ണ ചരിത്രം കുറിച്ചത്.

വിജയത്തിന്‍റെ ആരവങ്ങള്‍ അടങ്ങിയില്ലെങ്കിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയ ലോകോത്തര മത്സരങ്ങള്‍ക്കൊരുങ്ങാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇതിനിടെ ടോക്കിയോയില്‍ നിന്നും നീരജ് ഇടിവി ഭാരതിനോട് സംസാരിച്ചു.

? ഒളിമ്പിക് അത്ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ എന്താണ് തോന്നുന്നത്.

Aഒളിമ്പിക് അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമാണുള്ളത്. അതും സ്വര്‍ണം. വാക്കുകളാല്‍ മാത്രം പ്രകടിപ്പിക്കാൻ കഴിയുന്ന വികാരമല്ലത്.

ടോക്കിയോയില്‍ ജാവലിനില്‍ മത്സരിക്കുന്ന നീരജ് ചോപ്ര

നമ്മുടെ രാജ്യത്തിന്‍റെ ദേശീയഗാനം കേൾക്കുമ്പോൾ വളരെ അഭിമാനത്തോടെയാണ് സ്വർണ മെഡലുമായി ഞാൻ പോഡിയത്തില്‍ നിന്നത്. ഇന്ത്യൻ അത്ലറ്റിക്‌സിന്‍റെ ഭാവി മികച്ചതായിരിക്കുമെന്ന് കരുതുന്നു.

? മെഡല്‍ നേട്ടം മില്‍ഖ സിങ്ങിന് സമര്‍പ്പിച്ചതിന് പിന്നില്‍ ?

Aമില്‍ഖയുടെ നിരവധി വീഡിയോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന നമ്മുടെ രാജ്യത്തുള്ള കായിക താരങ്ങള്‍ക്ക് പലപ്പോഴും നേരിയ വ്യത്യാസത്തിലാണ് മെഡലുകള്‍ നഷ്ടപ്പെടുന്നതെന്നും, ആരെങ്കിലും മെഡല്‍ നേടണമെന്നും അദ്ദേഹം എപ്പോഴും പറയുമായിരുന്നു.

ടോക്കിയോയില്‍ നമ്മുടെ ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ ഇതാണെന്‍റെ മനസിലേക്ക് കടന്നുവന്നത്. അദ്ദേഹം ഇപ്പോള്‍ നമുക്കിടയില്‍ ഇല്ലെന്നത് സങ്കടകരമാണ്.

എന്നാല്‍ എന്‍റെ മനസില്‍ അദ്ദേഹം എല്ലായ്‌പ്പോഴുമുണ്ട്. അദ്ദേഹത്തിന്‍റെ ആഗ്രഹം ഞാന്‍ നിറവേറ്റി. അദ്ദേഹം ഇപ്പോള്‍ എവിടെയാണെങ്കിലും ആ ആഗ്രഹം നിറവേറി.

ഒളിമ്പിക്‌സില്‍ സെക്കന്‍റുകളുടെ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ട പിടി ഉഷയെപ്പോലുള്ള താരങ്ങള്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. അവരുടേയും ദീര്‍ഘകാലമായുള്ള ആഗ്രഹം നിറവേറി.

? ടോക്കിയോയിലെ ഫൈനലിനിടെ മനസിലൂടെ കടന്ന് പോയ കാര്യങ്ങള്‍ എന്തൊക്കെയാണ്. ഒരു സ്വർണ മെഡൽ നേടാൻ കഴിയുമെന്ന് നിങ്ങൾക്ക് എപ്പോഴാണ് തോന്നിയത്?

A മത്സരം ആരംഭിക്കുമ്പോള്‍ മുതല്‍ എന്‍റെ ഏറ്റവും മികച്ചത് നല്‍കുകയെന്ന തോന്നല്‍ മാത്രമാണ് എനിക്കുണ്ടായിരുന്നത്. ശരീരവും എല്ലാത്തിനും സജ്ജമായിരുന്നു. ജാവലിന്‍ വളരെ ടെക്‌നിക്കലായ കായിക ഇനമാണ്. ചെറിയ പിഴവിന് പോലും വലിയ വില നല്‍കേണ്ടിവരും.

ഒളിമ്പിക് മെഡലുമായി നീരജ്

എന്‍റെ തന്നെ ദേശീയ റെക്കോര്‍ഡ് തകര്‍ക്കാനായില്ല എന്നതില്‍ ഒരു നിരാശയുമില്ല. ഒരു ഒളിമ്പിക് സ്വർണം നേടുന്നതിന് അതിന്റേതായ വ്യത്യസ്തമായ തിളക്കമുണ്ട്.

മത്സരത്തിലെ അവസാന ഏറോടുകൂടി സ്വര്‍ണം എന്‍റേത് തന്നെയെന്ന് ഞാന്‍ കരുതിയിരുന്നു. കാരണം അത് വരെ എന്റെ ശ്രദ്ധ ഫൈനലിൽ മാത്രമായിരുന്നു.

? കൊവിഡും പരിക്കും വലച്ച കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ?

A ഈ സ്വർണ മെഡൽ എല്ലാം സുഖപ്പെടുത്തിയതായാണ് എനിക്ക് തോന്നുന്നത്. 2019ൽ പരിക്കും 2020 കൊവിഡ് അടക്കമുള്ള കാരണങ്ങളാലും എനിക്കത്ര സുഖകരമായിരുന്നില്ല. ഒരു ഒളിമ്പിക് മെഡല്‍ പ്രത്യേകിച്ച് സ്വര്‍ണമെഡല്‍. ഏതൊരു അത്ലറ്റിനെ സംബന്ധിച്ചും ഒരു സ്വപ്നത്തിന്‍റെ പൂര്‍ത്തീകരണമാണ്.

? ശനിയാഴ്ച നടന്ന ഫൈനല്‍ മത്സരത്തിന് മുന്നോടിയായി കോച്ച് ക്ലോസ് ബാർട്ടോണിയറ്റ്സ് എന്താണ് പറഞ്ഞിരുന്നത്. മത്സരത്തിന് മുന്‍പ് സുഹൃത്തുക്കളോടോ, കുടുംബത്തോടോ സംസാരിച്ചിരുന്നോ?

A ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഞാന്‍ ചെയ്തത് പോലെ, ആദ്യ ഏറില്‍ തന്നെ മികച്ച ദൂരം കണ്ടെത്താനാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്റെ ഇളയ അമ്മാവൻ ഭീം ചോപ്രയോടും സീനിയർ ജയ്‌ വീറിനോടും സംസാരിച്ചിരുന്നു.

ഞാൻ അധികം സംസാരിക്കാറില്ല, ചെറിയ കാര്യങ്ങൾ മാത്രമേ പറയൂ. സംസാരിച്ച എല്ലാവർക്കും എന്തെങ്കിലും നല്ലത് സംഭവിക്കുമെന്ന് തോന്നി, പൂർണഹൃദയത്തോടെ മത്സരിക്കാനാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാൻ സ്വർണം നേടിയപ്പോൾ എല്ലാവരും സന്തോഷിച്ചു.

? ക്ലോസ് ബാർട്ടോണിയറ്റ്സിനൊപ്പം രണ്ട് വര്‍ഷക്കാലമായി പരിശീലനം നടത്തുന്നുണ്ട്. ഒളിമ്പിക് സ്വര്‍ണത്തിലേക്കുള്ള യാത്രയില്‍ അദ്ദേഹം വഹിച്ച പങ്ക്?

A 2019 മുതല്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തുന്നുണ്ട്. എന്‍റെ മെഡല്‍ നേട്ടത്തില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്‍റെ പരിശീലന പദ്ധതികളും ടെക്നിക്കുകളും എനിക്ക് മികച്ച രീതിയില്‍ യോജിച്ചവയാണ്.

2018ല്‍ ഞാന്‍ ഊവെയ്‌ക്കൊപ്പമായിരുന്നു. എന്റെ ശക്തി മെച്ചപ്പെടുത്താൻ ഞാന്‍ അദ്ദേഹത്തോടൊപ്പം ഒരുപാട് പ്രവർത്തിച്ചു.

എന്നാല്‍ ടെക്നിക്കലി അദ്ദേഹം കുറച്ച് വ്യത്യസ്തമായിരുന്നു. അതെന്നിക്ക് അത്ര യോജിച്ചതായിരുന്നില്ല. എന്നാല്‍ ക്ലോസിന്‍റെ ടെക്നിക്കുകള്‍ എനിക്ക് യോജിച്ചതാണ്. എല്ലാ പരിശീലകര്‍ക്കും അവരുടേതായ വഴികളുണ്ടാവും.

ദേശീയ പതാകയുമായി ടോക്കിയോയില്‍ വിജയം ആഘോഷിക്കുന്ന നീരജ്

അതില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിക്കുകയെന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഊവെ സാറിനോട് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ക്ലോസ് സാറിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹം എന്നെ പൂർണ സമർപ്പണത്തോടെ പരിശീലിപ്പിച്ചു. അതിനുള്ള ഫലവും ലഭിച്ചു.

? ഒളിമ്പിക് പോഡിയത്തില്‍ നിന്ന് ദേശീയ ഗാനം കേള്‍ക്കുകയും, പതാക ഉയര്‍ത്തുകയും ചെയ്യുന്നത് കണ്ടപ്പോഴുള്ള വികാരം എന്തായിരുന്നു.

A ഒളിമ്പിക് മെഡലിലേക്കുള്ള കഠിനമായ പരിശ്രമങ്ങളും, അതിനുമുന്‍പേയുണ്ടായ പല തടസങ്ങളുമായിരുന്നു പോഡിയത്തിലുള്ള സമയത്ത് എന്‍റെ മനസിലുണ്ടായിരുന്നത്.

എന്നാല്‍ ദേശീയ ഗാനവും പതാകയും ഉയര്‍ന്നപ്പോള്‍ അവയെല്ലാം അപ്രത്യക്ഷമായി. ആ വികാരം ഒരിക്കലും വാക്കുകളില്‍ പ്രതിഫലിപ്പിക്കാനാവുന്നതല്ല. അവ അനുഭവിക്കാന്‍ മാത്രമേ കഴിയൂ.

? ഒരു അത്‌ലറ്റ് എന്ന നിലയില്‍ ഇനി നീരജിന് മുന്നിലുള്ളത് എന്താണ്?

A ഇപ്പോൾ ഞാൻ സ്വർണ മെഡൽ നേടി, എന്റെ ആളുകളുമായി വീട്ടിൽ അൽപ്പം ആഘോഷിക്കും. പരിശീലനം നന്നായി ചെയ്യാനായാല്‍ ഈ വര്‍ഷം ചില മത്സരങ്ങളില്‍ കൂടി പങ്കെടുക്കും.

അതല്ലെങ്കില്‍ വരാനിരിക്കുന്ന കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

? സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ പ്രശസ്തിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ മില്ല്യന്‍ കണക്കിന് ആളുകളാണ് പിന്തുടരാന്‍ ആരംഭിച്ചത്. ഇതിനെ എങ്ങനെയാണ് കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ താരമായോ ?

A ഒളിമ്പിക് മെഡല്‍ ലഭിച്ചതിന് ശേഷം വളരെയധികം ആളുകള്‍ എന്നെ പിന്തുടരാന്‍ ആരംഭിച്ചത് ഞാന്‍ കാണുന്നുണ്ട്. കാരണം എല്ലാവരും ഫൈനല്‍ മത്സരം കണ്ടെന്നാണ് തോന്നുന്നത്. കമന്‍റുകളിലൂടെയടക്കം ആളുകള്‍ അഭിനന്ദിക്കുന്നതില്‍ വളരെയധികം സന്തോഷം തോന്നുന്നുണ്ട്.

എന്നാല്‍ എപ്പോഴും എന്‍റെ ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ചിലപ്പോഴൊക്കെ എന്തെങ്കിലും പങ്കിടാൻ ഞാന്‍ സോഷ്യൽ മീഡിയ ഉപയോഗിക്കാറുണ്ട്. ഈ ചെറിയ അളവിലുള്ള ആനന്ദവും ആവശ്യമാണ്.

ഒളിമ്പിക് മെഡലുമായി നീരജ്

? പ്രിയപ്പെട്ട ഭക്ഷണം (ചൂർമ) തയ്യാറാക്കി കാത്തിരിക്കുകയാണെന്നാണ് അമ്മ പറയുന്നത്. ഇന്ത്യയിലേക്ക് മടങ്ങി വന്നതിന് പിന്നാലെ എന്തെല്ലാമാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, എവിടെയാവും കൂടുതല്‍ സമയം ചെലവഴിക്കുക?

A വീട്ടില്‍ പോയതിന് പിന്നാലെ അമ്മ ഉണ്ടാക്കിയ ചൂർമ ഉള്‍പ്പെടെ എന്തും ഞാന്‍ കഴിക്കും. ടോക്കിയോയിലേക്ക് വന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കപ്പെട്ടു.

ഇന്ത്യയിലേക്ക് വന്നതിന് ശേഷം വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനും എന്‍റെ ആളുകളോടൊപ്പം ആഘോഷിക്കാനുമാണ് ഞാന്‍ പദ്ധതിയിട്ടിരിക്കുന്നത്. എന്നിട്ട് പരിശീലനങ്ങളിലേക്ക് തിരിച്ചുപോവേണ്ടതുണ്ട്.

? ഈ യാത്രയിൽ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ച ധാരാളം പേരുണ്ട്. ഖന്ദ്രയിൽ നിന്നും ടോക്കിയോയിലേക്കുള്ള യാത്രയിൽ കൂടെയുണ്ടായിരുന്ന ആരെയാണ് നിങ്ങള്‍ ഓർക്കാൻ ആഗ്രഹിക്കുന്നത്?

Aഎല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം എല്ലാവരുടെയും പിന്തുണയാണ് എനിക്ക് ഈ മെഡൽ ലഭിക്കാന്‍ കാരണം. ടോപ്സ് (ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം), സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ), അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) എന്നിവര്‍ വലിയ പിന്തുണ നൽകിയിട്ടുണ്ട്.

2015 മുതല്‍ എന്‍റെ സ്പോണ്‍സര്‍മാരായ ജെഎസ്‌ഡബ്ല്യു സ്പോർട്സിന്‍റെ പിന്തുണ എനിക്കുണ്ട്. എനിക്ക് എന്തെങ്കില്‍ ആവശ്യമുണ്ടെങ്കില്‍ ഇവരെല്ലാവരും എന്നോടൊപ്പമുണ്ടായിരുന്നു.

ഇന്ത്യന്‍ ആര്‍മിയും എന്നെ പിന്തുണച്ചിട്ടുണ്ട്. എവിടെ വരെയെത്താന്‍ എല്ലാവരുടേയും പിന്തുണ എന്നെ ഒരുപാട് സഹായിച്ചു.

? ബയോപിക്കില്‍ നിങ്ങള്‍ തന്നെ അഭിനയിക്കണമെന്നാണ് ജനം പറയുന്നത്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്. ബയോപിക്കില്‍ നിങ്ങളല്ലെങ്കില്‍ പിന്നെ ആരെയാണ് നിര്‍ദേശിക്കുക ?

A അതേക്കുറിച്ച് ഞാന്‍ അധികം ചിന്തിക്കുന്നില്ല. ഇപ്പോള്‍ എന്നെ സംബന്ധിച്ച് ഗെയിമിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണ്. ഞാൻ മത്സരങ്ങള്‍ മതിയാക്കുന്നതിന് ശേഷമാവണം ബയോപിക്ക് ഉണ്ടാവേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്.

രാജ്യത്തിനായി എനിക്ക് ഇനിയും ഏറെ മെഡലുകള്‍ നേടേണ്ടതുണ്ട്. ഗെയിമിൽ ഉള്ളടത്തോളം കാലം ബയോപിക്കിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നേയില്ല. അതിനായി കാത്തിരിക്കാം. വിരമിച്ച ശേഷം ബയോപിക്കുമായി സഹകരിക്കുന്നതിന് പ്രശ്നങ്ങളില്ല.

ABOUT THE AUTHOR

...view details