ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡൽ ഉറപ്പിച്ച് ടേബിള്‍ ടെന്നീസ് താരം ഭവിനബെൻ പട്ടേല്‍ സെമിഫൈനലിൽ പ്രവേശിച്ചു. സെർബിയയുടെ ലോക അഞ്ചാം നമ്പർ താരം ബോറിസ്ലാവ പെരിക് റാൻകോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഭവിന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 11-5 11-6 11-7.
വെറും പതിനെട്ട് മിനിട്ടുമാത്രമാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നീണ്ടുനിന്നത്. എതിരാളിക്ക് മുന്നേറാനുള്ള ഒരവസരം പോലും നൽകാതെ തികച്ചും ഏകപക്ഷീയമായായിരുന്നു ഭവിനയുടെ വിജയം.
ശനിയാഴ്‌ച നടക്കുന്ന സെമിഫൈനലിൽ ചൈനയുടെ ഴാങ് മിയാവോയാണ് ഭവിനയുടെ എതിരാളി. മത്സരത്തിൽ പരാജയപ്പെട്ടാലും താരത്തിന് വെങ്കല മെഡൽ ലഭിക്കും. ഇതോടെ പാരാലിമ്പിക്‌സ് ചരിത്രത്തിലാധ്യമായി ടേബിള്‍ ടെന്നീസിൽ ഇന്ത്യക്കായി മെഡൽ നേടുന്ന താരം എന്ന റെക്കോർഡും ഭവിന തന്‍റെ പേരിൽ കുറിച്ചു.
ALSO READ:ബാഴ്‌സലോണ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്‍റ് കിരീടം ഇന്ത്യൻ ഗ്രാന്‍ഡ്‌മാസ്റ്റര്‍ എസ്.പി സേതുരാമന്
നേരത്തെ ബ്രസീലിന്‍റെ ജോയ്‌സ് ഡി ഒലിവിയേരയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഭവിന ക്വർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്. വാശിയേറിയ പോരാട്ടത്തിൽ 12-10, 13-11, 11-6 എന്ന സ്കോറിനാണ് താരം വിജയിച്ചത്.