ടോക്കിയോ: ഒളിമ്പിക്‌സ് അത്‌ലറ്റിക് മത്സരങ്ങളുടെ ആദ്യ ദിവസം ഇന്ത്യക്ക് നിരാശ. ഇന്ത്യൻ പ്രതീക്ഷയായിരുന്ന ദ്യുതി ചന്ദും, മലയാളി താരം എം.പി ജാബിറും, അവിനാശ് സാബ്‌ലെയും ഹീറ്റ്‌സിൽ തന്നെ പുറത്തായി.
വനിതകളുടെ 100 മീറ്റർ ഹീറ്റ്‌സിൽ മത്സരിച്ച ദ്യുതി ഏഴാമതായാണ് ഫിനിഷ് ചെയ്‌തത്. 11.54 സെക്കന്‍റിലാണ് ദ്യുതി മത്സരം പൂർത്തിയാക്കിയത്. 11.17 സെക്കൻഡാണ് താരത്തിന്‍റെ ഏറ്റവും മികച്ച സമയം. എന്നാൽ ഇതിനടുത്ത് എത്താൻ പോലും ദ്യുതിക്ക് ഇന്നായില്ല. ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ പ്രൈസാണ് ഈ ഇനത്തിൽ ഒന്നാമതെത്തിയത്.
400 മീറ്റർ ഹർഡിൽസിൽ മത്സരിക്കാനിറങ്ങിയ മലയാളി താരം എം.പി ജാബിർ ഹീറ്റ്സിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള ജാബിറിന് ഒളിമ്പിക്‌സിൽ ആ പ്രകടനം പുറത്തെടുക്കാനായില്ല. പി.ടി ഉഷക്ക് ശേഷം 400 മീറ്റർ ഹർഡിൽസിൽ യോഗ്യത നേടുന്ന മലയാളി താരമാണ് എം.പി ജാബിർ.
ALSO READ:ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍; പി.വി സിന്ധു സെമിയിൽ
പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാശ് സാബ്‌ളെയും ഫൈനൽ കാണാതെ പുറത്തായി. ഹീറ്റ്സിൽ അവസാനസ്ഥാനത്താണ് ഫിനിഷ് ചെയ്‌തതെങ്കിലും ദേശീയ റെക്കോർഡ് കുറിച്ചാണ് താരം ഫിനിഷ് ചെയ്‌തത്. പട്യാലയില്‍ നടന്ന 24ാമത് ദേശീയ ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 8.20.20 സെക്കന്‍റില്‍ ഫിനിഷ് ചെയ്തായിരുന്നു അദ്ദേഹം ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. ഈ സമയമാണ് അവിനാശ് ഇപ്പോൾ തിരുത്തിക്കുറിച്ചിരിക്കുന്നത്.