പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ അനായാസ ജയവുമായി നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം കിരീടം ലക്ഷ്യമിടുന്ന ജോക്കോവിച്ച് തകർപ്പൻ പ്രകടനമാണ് പോളണ്ട് താരം ഹുബര്‍ട്ട് ഹര്‍ക്കാസിനെനെതിരെ പുറത്തെടുത്തത്. 6-4, 6-2, 6-2 എന്ന സ്‌കോറിനാണ് ഹർക്കാസസിനെ ജോക്കാവിച്ച് പരാജയപ്പെടുത്തിയത്.
ഫ്രഞ്ച് ഓപ്പൺ: ജോക്കോവിച്ചും നദാലും രണ്ടാം റൗണ്ടിൽ, വനിതാ വിഭാഗത്തിൽ സെറീനയും മുന്നോട്ട് - റാഫേൽ നദാൽ
ഒന്നാം റൗണ്ടിൽ അനായാസ വിജയവുമായാണ് ജോക്കോവിച്ച്, നദാൽ, സെറീന വില്യംസ് എന്നിവർ രണ്ടാം റൗണ്ടിലേക്ക് കടന്നത്.
അതേസമയം അനായാസ വിജയവുമായാണ് നദാലും രണ്ടാം റൗണ്ടിലെത്തിയത്. യോഗ്യതാ റൗണ്ട് കടന്നെത്തിയ ജര്‍മ്മന്‍ താരം യാനിക് ഹാഫ്മന്‍ നദാലിന് മുന്നില്‍ പൊരുതാതെ കീഴടങ്ങുകയായിരുന്നു. സ്‌കോര്‍ 6-2, 6-1, 6-3. പതിനൊന്ന് തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ നദാല്‍ ഇത്തവണയും എതിരാളികൾക്ക് കടുത്ത ഭീഷണിയായിരിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ മത്സരം. മറ്റൊരു മത്സരത്തില്‍ ഡൊമനിക് തീം, ടോമി പോളിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-4, 4-6, 7-6, 6-2.
വനിതാ വിഭാഗത്തില്‍ സെറീന വില്യംസിനും തകർപ്പൻ ജയം. റഷ്യയുടെ വിറ്റാലിയ ഡിയാചെൻകോയോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സെറീനയുടെ ജയം. സ്‌കോര്‍ 2-6, 6-1, 6-0. അമ്മയായശേഷവും കളിക്കളത്തില്‍ സജീവമായ സെറീന കരിയറിലെ 800-ാം വിജയമാണ് കളിമണ്‍ കോർട്ടിൽ നേടിയത്. മറ്റൊരു മത്സരത്തിൽ പോളിഷ് താരം കരോലിൻ വോസ്‌നിയാകി വെറോണിക്ക കുന്ദേർമെറ്റോവയോട് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി.