ന്യൂഡല്‍ഹി: അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുന്ന ടെന്നീസ് താരവും ഡബിള്‍സില്‍ പങ്കാളിയുമായിരുന്ന ബാർബോറ സ്ട്രൈക്കോവയ്ക്ക് ആശംസകള്‍ നേര്‍ന്ന് സാനിയ മിര്‍സ. ചെക്ക് റിപ്പബ്ലിക്കിന്‍റെ താരമായ ബാർബോറയുടെ ആഭാവം കളിക്കളത്തിലും മറ്റും നിഴലിക്കുമെന്ന് താരം പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു സാനിയയുടെ പ്രതികരണം.
വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇരുവരുമടങ്ങുന്ന സഖ്യം നിരവധി നേട്ടങ്ങള്‍ കൊയ്യുകയും ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്തിട്ടുണ്ട്. ''ജീവതത്തിന്‍റെ രണ്ടാം ഘട്ടത്തിന് ആശംസകള്‍. കളിക്കളത്തിന് അകത്തും പുറത്തും നമുക്ക് മനോഹരമായ ചില ഓര്‍മ്മകളും ചിരികളുമുണ്ട്. നമ്മുടെ തമാശകളും നിന്‍റെ ആഭാവവും നിഴലിക്കും. പുതിയ മികച്ച തുടക്കത്തിന് അഭിനന്ദനങ്ങൾ'' സാനിയ കുറിച്ചു.
അതേസമയം കഴിഞ്ഞ ദിവസമാണ് ബാർബോറ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. അവസാന മത്സരം പ്രേക്ഷകർക്ക് മുന്നിൽ കളിക്കാനായിട്ടില്ലെന്നും അത് സാധ്യമായാൽ, 2021ല്‍ ഒരു മത്സരം കൂടി കളിച്ചുകൊണ്ടാവും അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് താരം പറഞ്ഞിരുന്നു.