ബേൺ: ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ ടോക്കിയോ ഒളിമ്പിക്‌സിനില്ല. കാൽമുട്ടിന് ഏറ്റ പരിക്കാണ് സ്വിറ്റ്‌സർലണ്ട് താരത്തിന് തിരിച്ചടിയായത്. " വിംബിൾഡൺ മത്സരങ്ങൾക്കിടെ ദൗർഭാഗ്യവശാല്‍ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു". റോജർ ഫെഡറർ ട്വിറ്ററില്‍ കുറിച്ചു.
ഞാൻ തികച്ചും നിരാശനാണ്. എന്‍റെ സ്വന്തം രാജ്യത്തെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിക്കുന്നത് തികച്ചും അഭിമാനമായിരുന്നു. പക്ഷേ ദൗർഭാഗ്യവശാല്‍ ഇത്തവണ ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാകില്ല, ട്വിറ്ററില്‍ റോജർ ഫെഡറർ എഴുതി.
ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ സ്വിസ് താരങ്ങൾക്കും റോജർ ഫെഡറർ ആശംസകൾ നേർന്നു. ഇത്തവണത്തെ വിംബിൾഡണില്‍ ക്വാർട്ടർ ഫൈനലില്‍ പരാജയപ്പെട്ട റോജർ ഫെഡറർ ഇത് ഒരു പക്ഷേ തന്‍റെ അവസാനത്തെ വിംബിൾഡൺ ആയിരിക്കുമെന്ന സൂചനയും നല്‍കിയിരുന്നു. 39കാരനായ റോജർ ഫെഡറർ ടെന്നിസിലെ എക്കാലത്തെയും മികച്ച താരമായാണ് പരിഗണിക്കുന്നത്.
അതേസമയം, സ്പാനിഷ് ഇതിഹാസ താരമായ റാഫേൽ നദാലും ഒളിമ്പിക്സിൽ നിന്ന് പിന്മാറി. ആരോഗ്യം പരിഗണിച്ചാണ് പിന്മാറ്റമെന്ന് നദാൽ ട്വിറ്ററിൽ കുറിച്ചു. പിന്മാറ്റം എളുപ്പമായിരുന്നില്ല. ശരീരത്തിന്‍റെ അവസ്ഥ പരിഗണിക്കുമ്പോൾ അതാണ് ശരിയായ തീരുമാനമെന്ന് താരം പറഞ്ഞു.
ALSO READ:ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി