ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ കടന്ന് റോജർ ഫെഡറർ. ഫൈനലിൽ പ്രവേശിച്ചതോടെ 100-ാം എ.ടി.പി കിരീടമെന്ന റെക്കോർഡ് നേട്ടമാണ് ഫെഡറർ ലക്ഷ്യമിടുന്നത്.
സെമിയിൽ ക്രൊയേഷ്യൻ താരം ബോർണ കോറിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സ്വിസ് താരം ഫൈനൽ യോഗ്യത നേടിയത്. സ്കോർ 6-2, 6-2. പ്രതീക്ഷിച്ചതിലും എളുപ്പമായാണ് സെമിയിൽ കോറിച്ചിനെ ഫെഡറർ കീഴടക്കിയത്. കളിയുടെ ഒരു ഘട്ടത്തിൽ പോലും സ്വിസ് താരത്തിന് വെല്ലുവിളിയാകാൻ കോറിച്ചിന് സാധിച്ചില്ല.
കരിയറിലെ 152-ാം ഫൈനലിന് ഇറങ്ങുമ്പോൾ 100 എ.ടി.പി കിരീടം സ്വന്തമാക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന ബഹുമതിയാണ് ഫെഡററിനെ കാത്തിരിക്കുന്നത്. 109 എ.ടി.പി കിരീടങ്ങൾ സ്വന്തമാക്കിയ അമേരിക്കയുടെ ജിമ്മി കോണേഴ്‌സ് മാത്രമാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ച ഏക താരം.
ഏഴ് തവണ ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ഫെഡറിന്‍റെ ഫൈനൽ എതിരാളി ഗ്രീക്ക് താരം സ്റ്റെഫാനോസ് സ്റ്റിസിപാസാണ്. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിന്‍റെ നാലാം റൗണ്ടിൽ ഫെഡററെ പുറത്താക്കിയ താരമാണ് സ്റ്റിസിപാസ്. അതിനാൽ ഫൈനലിൽ ഫെഡററിന് അനായാസ ജയത്തിന് സാധ്യതയില്ല. ഇന്ത്യൻ സമയം ഇന്ന് രാത്രി 8.30 നാണ് ഫൈനൽ.