പാരീസ്: ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തി സ്പാനിഷ് സൂപ്പർ താരം റാഫല്‍ നദാല്‍. ഫൈനലില്‍ ഓസ്ട്രിയൻ താരം ഡൊമിനിക്ക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ തന്‍റെ പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്.
ഫ്രഞ്ച് ഓപ്പൺ കിരീടം റാഫേല്‍ നദാലിന് - നദാല്‍
ഡൊമിനിക് തീമിനെ നദാല്‍ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക്. ജയത്തോടെ നദാല്‍ പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പണും പതിനെട്ടാം ഗ്രാൻഡ് സ്ലാം കിരീടവും സ്വന്തമാക്കി.
കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനലിലെ ആവർത്തനമായിരുന്നു ഈ ഫൈനലും. ആദ്യ സെറ്റ് 6-3ന് നദാല്‍ നേടിയപ്പോൾ രണ്ടാം സെറ്റ് 5-7ന് ഡൊമിനിക് തീം നേടി. മൂന്നാമത്തെയും നാലാമത്തെയും സെറ്റുകൾ 6-1, 6-1 എന്ന സ്കോറിന് ആധികാരമായി നേടിയാണ് നദാല്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കരിയറിലെ 18ാം ഗ്രാൻഡ് സ്ലാം കിരീടമാണ് നദാല്‍ ഇന്ന് നേടിയത്. ഇതോടെ റോജർ ഫെഡററുമായുള്ള ഗ്രാൻസ് സ്ലാം കിരീട വ്യത്യാസം കുറയ്ക്കാനും നദാലിനായി. 20 ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് ഫെഡറർക്കുള്ളത്. സെമിയില്‍ ഫെഡററിനെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലില്‍ പ്രവേശിച്ചത്.
തുടർച്ചയായ രണ്ടാം തവണയും ഫ്രഞ്ച് ഓപ്പൺ നഷ്ടമായെങ്കിലും ഗംഭീര പ്രകടനമാണ് ഡൊമിനിക് തീം ഇന്ന് കാഴ്ചവച്ചത്. തീമിനെ അഭിനന്ദിക്കാനാണ് താൻ ആദ്യം ആഗ്രഹിക്കുന്നത് എന്ന് മത്സരത്തിന് ശേഷം നദാല്‍ പ്രതികരിച്ചു. അയാൾ കഠിനാധ്വാനിയാണെന്നും ഭാവിയില്‍ തീം ഫ്രഞ്ച് ഓപ്പൺ നേടുമെന്നും നദാല്‍ പറഞ്ഞു.