ന്യൂയോര്‍ക്ക് : യുഎസ് ഓപ്പൺ സിംഗിൾസിൽ 21ാം ഗ്രാന്‍ഡ് സ്ലാമും, കലണ്ടർ ഗ്രാൻസ്‌ലാമും ലക്ഷ്യമിട്ട് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഇന്ന് ഫൈനലിൽ മത്സരിക്കാനിറങ്ങുന്നു. റഷ്യയുടെ രണ്ടാം സീഡ് ഡാനിൽ മെദ്‌വെദേവാണ് ഫൈനലിൽ ജോക്കോയുടെ എതിരാളി. ഇന്ന് വിജയിക്കാനായാൽ ഒട്ടേറെ റെക്കോഡുകൾ തന്‍റെ പേരിലാക്കാൻ ജോക്കോവിച്ചിന് കഴിയും.
തന്‍റെ ഒമ്പതാമത്തെ യുഎസ് ഓപ്പണ്‍ ഫൈനലിനാണ് ജോക്കോ ഇന്നിറങ്ങുന്നത്. ഇന്ന് ജയിക്കാനായാല്‍ 21-ാമത്തെ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പമെത്താൻ താരത്തിനാവും. കൂടാതെ 52 വർഷത്തിനിടെ കലണ്ടർ സ്ലാം തികക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാനും ജോക്കോയ്‌ക്കാവും.
ടെന്നിസിലെ ഗ്രാൻസ്‍ലാം ടൂർണമെന്‍റുകളായ ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൻ, യുഎസ് ഓപ്പൺ എന്നിവയിൽ ഒരേ കലണ്ടർ വർഷം കിരീടങ്ങൾ നേടുന്നതിനാണ് കലണ്ടർ സ്ലാം എന്നു പറയുന്നത്. 1969ല്‍ റോഡ് ലേവറാണ് കലണ്ടര്‍ വര്‍ഷത്തെ നാല് മേജര്‍ കിരീടങ്ങളും അവസാനമായി നേടിയ പുരുഷ താരം. 1988ൽ സ്റ്റെഫി ഗ്രാഫാണ് ഈ നേട്ടം അവസാനമായി സ്വന്തമാക്കിയത്.
ALSO READ :'അവസാന മത്സരത്തിലെന്നപോല്‍ പോരാടും'; യുഎസ് ഓപ്പണ്‍ ഫൈനലിനെക്കുറിച്ച് ജോക്കോവിച്ച്
കനേഡിയന്‍ താരം ഫെലിക്‌സ് ഓഗറിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്‍റെ എതിരാളി മെദ്‌വെദേവ് ഫൈനലിലെത്തിയത്. 6-4, 7-5, 6-2 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു റഷ്യന്‍ താരത്തിന്‍റെ വിജയം. 2019ലെ റണ്ണര്‍ അപ്പുകൂടിയായ മെദ്‌വെദേവ് കരിയറിലെ മൂന്നാമത്തെ ഗ്രാന്‍സ്ലാം ഫൈനലിനാണ് യോഗ്യത നേടിയത്.