മെൽബണ്‍ : കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാണ് താരം മെൽബണില്‍ എത്തിയത്. എന്നാൽ താരത്തെ അധികൃതർ വിമാനത്താവളത്തിൽ തടയുകയായിരുന്നു. വിസ റദ്ദാക്കിയ അധികൃതര്‍ അദ്ദേഹത്തെ ഇന്നുതന്നെ സെർബിയയിലേക്ക് മടക്കി അയക്കും.
കൊവിഡ് വാക്‌സിൻ എടുത്തവരെ മാത്രമേ ടൂർണമെന്‍റിൽ പങ്കെടുപ്പിക്കുകയുള്ളൂവെന്ന ചട്ടം നിലനിൽക്കുന്നതാണ് താരത്തിന് തിരിച്ചടിയായത്. മെൽബണ്‍ സ്ഥിതി ചെയ്യുന്ന ഓസ്ട്രേലിയയിലെ വിക്‌ടോറിയ സ്റ്റേറ്റിൽ കായിക താരങ്ങൾക്ക് വാക്‌സിൻ നിർബന്ധമാക്കിയിരിക്കുകയാണ്.
വാക്‌സിൻ എടുത്തോ എന്ന് താരം വ്യക്‌തമാക്കിയിരുന്നില്ല. അതിനാൽ തന്നെ താരം ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് വിട്ട് നിന്നേക്കുമെന്ന് ജോക്കോവിച്ചിന്‍റെ പിതാവ് വ്യക്‌തമാക്കിയിരുന്നു. ഇതേത്തുടർന്ന് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണ്‍ അധികൃതർ പ്രത്യേക ഇളവ് അനുവദിച്ചു. പിന്നാലെയാണ് താരം മെൽബണില്‍ എത്തിയത്.
ALSO READ:മഹ്‌റസിനെ 'മിന്നല്‍ മുരളിയാക്കി' മാഞ്ചസ്റ്റര്‍ സിറ്റി; എല്ലാം കാണുന്നുണ്ടെന്ന് മിന്നല്‍ മുരളി (ഒറിജിനല്‍)
എന്നാൽ ജോക്കോവിച്ചിന് മാത്രം ഇളവ് അനുവദിച്ച തീരുമാനത്തിനെതിരെ എതിർപ്പുകൾ ഉയർന്നു. അതേസമയം ജനങ്ങളുടെ സുരക്ഷയ്‌ക്ക് രാജ്യത്തിന്‍റെ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ആരും ഈ നിയമങ്ങൾക്ക് അതീതരല്ലെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.