മെല്‍ബണ്‍: "ഓസ്‌ട്രേലിയൻ ഓപ്പണ്‍ ഫൈനലില്‍ എന്നൊക്കെ കളിച്ചിട്ടുണ്ടോ കപ്പുയര്‍ത്താതെ ജോക്കോവിച്ച് മടങ്ങിയിട്ടില്ല"...ഇത്തവണയും പതിവ് തെറ്റിയില്ല. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഓസ്‌ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി സെര്‍ബിയൻ താരം നൊവാക് ജോക്കോവിച്ച്. റഷ്യയുടെ ഡാനിയൽ മെദ്‌വദേവിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കിവിച്ച് കീഴടക്കിയത്. സ്‌കോര്‍ 7-5, 6-2, 6-2.
ഓസ്‌ട്രേലിയൻ ഓപ്പണില്‍ ഹാട്രിക് കിരീടം നേടി നൊവാക് ജോക്കോവിച്ച്
റഷ്യയുടെ ഡാനിയൽ മെദ്‌വദേവിനെയാണ് തോല്‍പ്പിച്ചത്. 2019, 20 വര്‍ഷങ്ങളില്‍ ജോക്കോവിച്ചായിരുന്നു ഓസ്‌ട്രേലിയൻ ഓപ്പണ്‍ ചാമ്പ്യൻ.
ഒമ്പതാം ഓസ്‌ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ജോക്കിവിച്ചിന്‍റെ പതിനെട്ടാം ഗ്ലാൻസ്ലാം നേട്ടമാണിത്. ആദ്യ സെറ്റില്‍ മാത്രമാണ് ജോക്കോവിച്ചിന് മെദ്‌വദേവ് ഒരു വെല്ലുവിളിയായത്. രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും ജോക്കോവിച്ച് കളം നിറഞ്ഞപ്പോള്‍ മെദ്‌വദേവിന് ഒന്നും ചെയ്യാനായില്ല.
അട്ടിമറിയിലൂടെ സെമിയിലെത്തിയ ലോക 114-ാം റാങ്ക് റഷ്യയുടെ അസ്‌ലൻ കരാറ്റ്സെവിനെ 6-3, 6-4, 6-2 എന്ന സ്കോറിന് തറപറ്റിച്ചാണ് ജോക്കോവിച്ച് ഫൈനൽ ഉറപ്പിച്ചത്. ലോക മൂന്നാം നമ്പര്‍ താരമായ മെദ്‌വദേവ് ഗ്രീസിന്‍റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്. മെദ്‌വദേവിന്‍റെ ആദ്യത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലായിരുന്നു ഇത്.