കേരളം

kerala

ETV Bharat / sports

കളിമണ്ണില്‍ രാജാവ് വീണു, രാജകുമാരൻ കലാശപ്പോരിന് - നോവാക് ജോക്കോവിച്ചിന്‍റെ ഫ്രഞ്ച് ഓപ്പൺ ഫൈനൽ പ്രവേശം

സെർബിയൻ താരത്തെ ഫൈനലില്‍ കാത്തിരിക്കുന്നത് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസാണ്.

Novak Djokovic beats Rafael Nadal to face Stefanos Tsitsipas in French Open final
കളിമണ്ണില്‍ രാജാവ് വീണു, രാജകുമാരൻ കലാശപ്പോരിന്

By

Published : Jun 12, 2021, 3:57 PM IST

പാരീസ്: ക്ലാസിക്, ഞെട്ടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ ജയം.. നൊവാക് ജോക്കോവിച്ചിന്‍റെ ഫ്രഞ്ച് ഓപ്പണിലെ സെമി ജയത്തെ ലോകം വിശേഷിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്. കാരണം ജോക്കോവിച്ചിന് മുന്നില്‍ വീണത് കളിമൺ കോർട്ടിലെ രാജാവാണ്. സാക്ഷാൽ റാഫേൽ നദാല്‍.

നിലവിലെ ചാമ്പ്യൻ മാത്രമല്ല റാഫേൽ, ഫ്രഞ്ച് ഓപ്പണിൽ 13 തവണ കിരീടം ചൂടിയ താരത്തെ മറികടന്നാണ് നോവാക് ജോക്കോവിച്ചിന്‍റെ ഫൈനൽ പ്രവേശം. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ജോക്കോവിച്ചിന്‍റെ ജയം. 3-6, 6-3, 7-6, 6-2 എന്ന സ്കോറിനാണ് ജോക്കോവിച്ച് ജയം സ്വന്തമാക്കിയത്. ഇനി സെർബിയൻ താരത്തെ ഫൈനലില്‍ കാത്തിരിക്കുന്നത് ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസാണ്. ജൂൺ 13ന് ഇന്ത്യൻ സമയം വൈകിട്ട് 6:30 നാണ് ഫൈനൽ. സിറ്റ്സിപാസിന്‍റെ ആദ്യ ഗ്രാൻസ്ലാം ഫൈനൽ കൂടിയാകും അത്.

ജോക്കോവിച്ചിന്‍റെ വിജയവഴി

കളിമൺ കോർട്ടിലെ രാജാവ് എന്ന വിശേഷണമുള്ള റാഫേലിന് തന്നെയായിരുന്നു ആദ്യ സെറ്റിൽ മുൻതുക്കം. ജോക്കോവിച്ചിന്‍റെ സർവീസുകൾ തകർത്ത് ഇരട്ട ബ്രേക്കിലുടെ റാഫേൽ 5-0 ന് മുന്നിലെത്തി. ആദ്യ സെറ്റിൽ ജോക്കോവിച്ചിന് 3 പോയിന്‍റുകളെ നേടാൻ സാധിച്ചുള്ളു. 3-6 ന് ആദ്യ സെറ്റ് സെറ്റ് ജോക്കോവിച്ചിന് നഷ്ടപ്പെട്ടു. എന്നാല്‍ രണ്ടാം സെറ്റിൽ റാഫേലിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ആദ്യത്തെ ബ്രേക്ക് ജോക്കോവിച്ച് നേടി. അധികം വൈകാതെ റാഫേൽ തിരിച്ചടിച്ച് 2-2 ന് ഒപ്പമെത്തി. തൊട്ടു പിറകെ ജോക്കോവിന്‍റെ വക അടുത്ത ബ്രേക്ക്. 4-2 ന് വീണ്ടും ജോക്കോവിച്ച് മുന്നില്‍..

തുടർന്ന് താളം കണ്ടെത്തിയ ജോക്കോവിച്ച് രണ്ടാം സെറ്റ് 6-3 ന് സ്വന്തമാക്കി. മൂന്നാം സെറ്റ് അടി തിരിച്ചടി എന്ന നിലക്കായിരുന്നു പോയത്. ടെന്നീസ് ഓപ്പണിലെ മഹാരഥന്മാർ മൂന്നാം സെറ്റിൽ വിട്ടു കൊടുക്കാൻ തയാറായില്ല. തീപാറുന്ന പോരാട്ടത്തിനാണ് കളിമൺ കോർട്ട് സാക്ഷിയായത്.. രണ്ടാം സെറ്റിലും അക്കൗണ്ട് ഓപ്പൺ ചെയ്തത് ജോക്കോവിച്ചായിരുന്നു. മറുപടി നൽകിയും കൊടുത്തും മൂന്നാം സെറ്റ് മുന്നേറി.

പക്ഷേ പിന്നീട് ജോക്കോവിച്ച് ആധിപത്യം നേടുകയായിരുന്നു. 5-3ന് ലീഡ് ചെയ്തിരുന്ന ജോക്കോയെ 5-4 എന്ന നിലയില്‍ സെർവ് ബ്രേക്ക് ചെയ്ത റാഫേൽ 5-5ന് ഒപ്പമെത്തിച്ചതും കളിയുടെ ആവേശം കൂട്ടി. മത്സരം ടൈ ബ്രേക്കിലേക്ക് നീണ്ടു. ടൈ ബ്രേക്കുകളിൽ എപ്പോഴും മികവ് പുലർത്താറുള്ള ജോക്കോവിച്ച് അത് ആവർത്തിക്കുകയും റാഫേലിന്‍റെ ഭാഗത്തു നിന്നു വന്ന പിഴവുകൾ ഉപയോഗിച്ച് മുന്നിലെത്തുകയും ചെയ്തു. അതോടെ മൂന്നാം സെറ്റും ജോക്കോവിച്ചിന് സ്വന്തം.

നാലാം സെറ്റില്‍ കളിമൺ കോർട്ടിലെ രാജാവ് തളർന്നിരുന്നു. അതോടെ പൂർണ്ണമായും ജോക്കോ ആധിപത്യം പുലർത്തി. ബ്രേക്ക് നേടി റാഫേൽ ആദ്യം മുന്നിലെത്തിയെങ്കിലും സെറ്റിലെ സമ്പൂർണ്ണ ആധിപത്യം ജോക്കോവിച്ച് നേടിയെടുക്കുകയായിരുന്നു.. തുടർച്ചയായി ബ്രേക്കുകൾ കണ്ടെത്തിയ ജോക്കോവിച്ചിനെ പിടിച്ചു നിർത്താൻ റാഫേലിന് കഴിയാതെ വന്നതോടെ 6-2 ന് തോൽവി സമ്മതിക്കെണ്ടി വന്നു. അതോടെ രാജാവിനെ തോല്‍പ്പിച്ച് നൊവാക് ജോക്കോവിച്ചിന് വീണ്ടും ഫൈനൽ പ്രവേശം..

For All Latest Updates

ABOUT THE AUTHOR

...view details