ലണ്ടൻ: കായിക താരങ്ങള്‍ക്കിടയില്‍ വി കാര്യമാണ് പ്രണയവും വിവാഹവുമെല്ലാം. കഴിഞ്ഞ ദിവസത്തെ വിംബിള്‍ഡണ്‍ മിക്സ്ഡ് ഡബിൾസ് മത്സരത്തോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് മറ്റൊരു ഇന്ത്യന്‍ പ്രണയ കഥയും. ഡൽഹിക്കാരനായ ദിവിജ് ശരണും ബ്രിട്ടിഷുകാരി സാമന്ത മറെയുമാണ് ഈ കഥയിലെ നായകനും നായികയും. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2019ലാണ് ഇരുവരും വിവാഹിതരായത്.
വിംബിള്‍ഡണ്‍ മത്സരത്തിലെ വിജയമാഘോഷിക്കുന്ന ശരണും സാമന്തയും അതേസമയം വിംബിള്‍ഡണില്‍ കഴിഞ്ഞ ദിവസമാണ് ദമ്പതികള്‍ കളിക്കാനിറങ്ങിയത്. ഒന്നിച്ച് ഇറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ജയം പിടിച്ചാണ് സഖ്യം തിരിച്ച് കയറിയത്. ഏരിയൽ ബെഹർ -ഗലീന വൊസ്കോബൊയേവ സഖ്യത്തെ 6-3, 5-7, 6-4 എന്ന സ്കോറിനാണ് 35കാരൻ ശരണും 33കാരി സാമന്തയും തോല്‍പ്പിച്ചത്.
പ്രണയ കഥയിലേക്ക്
2012ല്‍ ഒരു ടെന്നീസ് ടൂര്‍ണമെന്‍റിനിടെയാണ് തങ്ങളുടെ ഡബിള്‍സ് പങ്കാളികളോടൊപ്പം മത്സരിക്കാനെത്തിയ ഇരുവരും കണ്ടുമുട്ടുന്നത്. അന്ന് പരിചയപ്പെട്ട് പിരിഞ്ഞെങ്കിലും തുടര്‍ന്ന് ആറ് മാസത്തേക്ക് കാണാനായിരുന്നില്ലെന്ന് ദമ്പതികള്‍ പറഞ്ഞു. പിന്നീട് മറ്റൊരു ടൂര്‍ണമെന്‍റിനിടെയാണ് വീണ്ടും കണ്ടുമുട്ടുന്നത്.
ശരണിന്‍റേയും സാമന്തയുടേയും വിവാഹ ചിത്രം ഒരുമിച്ച് പരിശീലനം നടത്തിയിരുന്നുവെങ്കിലും ആദ്യം മിണ്ടിത്തുടങ്ങാന്‍ പാടുപെട്ടിരുന്നുവെന്നും, തുടര്‍ന്ന് തങ്ങളില്‍ ഒരാള്‍ ധൈര്യം സംഭരിച്ചാണ് മിണ്ടിത്തുടങ്ങിയതെന്നും സാമന്ത പറഞ്ഞു. 'അവിടെ വെച്ച് ഞങ്ങള്‍ ഒരുപാട് സമയം ചെലവഴിച്ചു. ഇപ്പോഴിതാ ഇവിടെയെത്തി നില്‍ക്കുന്നു'. സാമന്ത കൂട്ടിച്ചേര്‍ത്തു. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2019 ജൂലൈ 19ന് മാഞ്ചെസ്റ്ററിലും, നവംബര്‍ 23ന് ഡല്‍ഹിയില്‍ വെച്ചും ഇരുവരും വിവാഹിതായിട്ടുണ്ട്.
ഈ കൂടിച്ചേരല്‍ വിലപ്പെട്ടത്
കരിയറിന്‍റെ സമ്മര്‍ദത്താല്‍ ഒരുമിച്ച് അധികം സമയം ലഭിക്കാതിരുന്ന തങ്ങള്‍ക്ക് ഇതുപോലുള്ള കൂടിച്ചേരല്‍ കൂടുതല്‍ വിലപ്പെട്ടതാണെന്നാണ് ഇരുവരും പറയുന്നത്. പല ടൂര്‍ണമെന്‍റുകളിലും മിക്സ്ഡ് ഡബിള്‍സ് മത്സരങ്ങള്‍ ഇല്ലാത്തതിനാലും പലപ്പോഴും ചെറിയ ടൂര്‍ണമെന്‍റുകളില്‍ താന്‍ മത്സരിക്കുന്നതിനാലുമാണ് ഒരുമിക്കാനുള്ള അവസരം കുറയുന്നതെന്നാണ് സാമന്ത പറയുന്നത്.
ഒരുമിക്കാനുള്ള തീരുമാനം എളുപ്പം
ശരണിന്‍റേയും സാമന്തയുടേയും പഴയകാല ചിത്രവും പുതിയ ചിത്രവും 2014ല്‍ ഇരുവരും ആദ്യമായി വിംബിള്‍ഡണില്‍ മത്സരിച്ചിരുന്നെങ്കിലും മിക്സിഡ് വിഭാഗത്തില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കാലങ്ങളിലാവട്ടെ മിക്സ്ഡ് വിഭാഗത്തില്‍ വ്യത്യസ്ത പങ്കാളികളോടൊപ്പം മത്സരിച്ചിരുന്ന ഇരുവരും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഒന്നിച്ച് മത്സരിക്കാന്‍ തീരുമാനമെടുത്തത്.
'ഞങ്ങള്‍ എപ്പോഴും ഒട്ടി നില്‍ക്കുന്നവരായതിനാല്‍ ഒന്നിച്ച് മത്സരിക്കാനുള്ള തീരുമാനം വളരെ എളുപ്പമുള്ളതായിരുന്നു'വെന്നാണ് കളിക്കളത്തിലെ സഖ്യത്തെക്കുറിച്ച് ശരണ്‍ പറയുന്നത്. 'അവനോടൊപ്പം കളിക്കളം പങ്കിടുന്നത് എന്നെ സംബന്ധിച്ച് വളരെയധികം സ്പെഷ്യലാണ്'. സാമന്ത കൂട്ടിച്ചേര്‍ത്തു.
അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്നെ പരസ്പ്പരം കാണാനായിരുന്നില്ലെങ്കിലോ എന്ന ചോദ്യത്തിന് എല്ലാം സംഭവിച്ചത് ഇതിനു വേണ്ടിയായിരുന്നുവെന്നാണ് ശരണിന്‍റെ പ്രതികരണം.
ഒരു വര്‍ഷം 13 ദമ്പതികള്‍
1968ല്‍ 13 ദമ്പതികള്‍ മിക്സ്ഡ് ഡബിള്‍സ് വിഭാഗത്തില്‍ മത്സരിച്ചതായും, 1974ല്‍ ജിമ്മി കോണേഴ്‌സും ക്രിസ് എവർട്ടും ഒരുമിച്ച് മത്സരിക്കുമ്പോള്‍ വിവാഹം ഉറപ്പിച്ചിരുന്നതായും വിംബിൾഡൺ ലൈബ്രേറിയൻ റോബർട്ട് മക്നിക്കോള്‍സ് പറഞ്ഞു. അടുത്ത കാലത്തായാണ് ഇതിന് മാറ്റം വന്നു തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.