ലോകത്തിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ലോറസ് സ്‌പോര്‍ട്‌സ് പുരസ്കാരംടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്. ഫുട്ബോൾ താരങ്ങളായ ലൂക്കാ മോഡ്രിച്ചിനേയും കിലിയൻ എംബാപ്പെയെയും മറികടന്നാണ് നേട്ടം. കഴിഞ്ഞവര്‍ഷം വമ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ജോക്കോവിച്ച് പുതിയ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായിരുന്നു. നാലാം തവണയാണ് ജോക്കോവിച്ച് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.
മികച്ച വനിത താരമായി അമേരിക്കയുടെ ജിംനാസ്റ്റിക് താരം സിമോൺ ബൈൽസിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ നടത്തിയ പ്രകടനമാണ് സിമോണെയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അവസാന പട്ടികയിൽ ഇടംപിടിച്ചിട്ടും പല തവണവഴുതിപ്പോയ ലോറസ് പുരസ്കാരം ഇത്തവണ സിമോണ്‍ ബൈൽസിന്‍റെ കൈകളിൽ എത്തുകയായിരുന്നു.
മികച്ച തിരിച്ചുവരവിനുള്ള പുരസ്കാരം ഗോൾഫ് താരം ടൈഗർ വുഡ്‌സ് സ്വന്തമാക്കി. പരിക്ക് കാരണം ദീർഘനാൾ മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന വുഡ്സ് കരിയറിലെ 80-ാമത് പിജിഎ ടൂർണമെന്‍റിൽ ചാമ്പ്യനായി സ്വപ്നതുല്യ തിരിച്ചുവരവ് നടത്തിയിരുന്നു. തിരിച്ചുവരവിനുള്ള താരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഗുസ്തി താരം വിനേഷ് ഫോട്ടും ഇടം പിടിച്ചിരുന്നു.
കരിയറിൽ മികച്ച മുന്നേറ്റം നടത്തിയതിനുള്ള പുരസ്കാരംജപ്പാന്‍റെ ടെന്നീസ് താരം നവോമി ഓസാക്കോയും നേടി. ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേട്ടം പുരസ്കാര നിർണയത്തിൽ മുതൽക്കൂട്ടായി. 2018 ഫുട്ബോൾ ലോകകപ്പ് നേടിയ ഫ്രഞ്ച് പടയാണ് മികച്ച കായിക ടീം. നീണ്ട കാലം ആഴ്സണലിനെ പരിശീലിപ്പിച്ച ആഴ്സൺ വെങ്ങർക്കാണ് ആജീവാനന്ത കായിക താരത്തിനുള്ള പുരസ്കാരം ലഭിച്ചത്.
മികച്ച മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള പുരസ്കാരം ഇന്ത്യ നേടി. ജാർഖണ്ഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 'യുവ'യാണ് മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് പുരസ്കാരം നേടിയത്. 15 വർഷങ്ങൾക്ക് മുന്‍പ് ഇന്ത്യ- പാക് ക്രിക്കറ്റ് ടീമുകൾ ഈ പുരസ്കാരം പങ്കിട്ടിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാക്കളെ തെരെഞ്ഞെടുത്തത്.