ന്യൂഡല്‍ഹി: യുഎസ് ഓപ്പണില്‍ ഇതിഹാസ താരം റോജർ ഫെഡററിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച് ലോകശ്രദ്ധപിടിച്ചു പറ്റിയ താരമാണ് സുമിത് നഗല്‍. സുമിതിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യൻ കായിക ലോകം മുഴുവൻ രംഗത്തെത്തിയിരുന്നു. എന്നാല്‍ സുമിതിന് നന്ദി പറയാനുള്ളത് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയോടെയാണ്.
കോലിയുടെ സഹായമില്ലെങ്കില്‍ ഇവിടെയെത്തില്ലായിരുന്നുവെന്ന് സുമിത് നഗല്‍ - കോലിയുടെ സഹായമില്ലെങ്കില്‍ ഇവിടെയെത്തിലായിരുന്നുവെന്ന് സുമിത് നഗല്‍
വിരാട് കോലി ഫൗണ്ടേഷൻ തന്നെ സാമ്പത്തികമായി സഹായിച്ചുവെന്ന് സുമിത് നഗല്‍. യുഎസ് ഓപ്പണില്‍ ഫെഡറർക്കെതിരെ മികച്ച പ്രകടനം കാഴ്‌ചവച്ചതോടെയാണ് സുമിത് നഗല്‍ വാർത്തകളില്‍ നിറഞ്ഞത്
![കോലിയുടെ സഹായമില്ലെങ്കില്‍ ഇവിടെയെത്തില്ലായിരുന്നുവെന്ന് സുമിത് നഗല്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4320047-114-4320047-1567439369926.jpg)
തന്നെ അന്താരാഷ്‌ട്ര വേദികളിലെത്തിക്കുന്നതില്‍ നിർണായക സാമ്പത്തിക സഹായമാണ് വിരാട് കോലി ഫൗണ്ടേഷൻ ചെയ്‌തതെന്ന് സുമിത് തുറന്നു പറയുന്നു. "ഈ വർഷം ഒരു ടൂർണമെന്‍റിന് ശേഷം ഞാൻ കാനഡയില്‍ നിന്ന് ജർമനിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. അന്ന് എന്‍റെ പേഴ്സില്‍ വെറും ആറ് ഡോളർ മാത്രമാണ് അവശേഷിച്ചിരുന്നത്. വിരാട് കോലി ഫൗണ്ടേഷനാണ് എന്നെ സഹായിച്ചത്. കനത്ത സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷത്തോളം എനിക്ക് മികച്ച പ്രകടനം പോലും പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാല്‍ കോലി ഫൗണ്ടേഷൻ സഹായവുമായിയെത്തിയതോടെ എനിക്ക് ആത്‌മവിശ്വാസമായി. 2017 മുതല്‍ സഹായമെത്തുന്നുണ്ട്. ഇപ്പോൾ നില മെച്ചപ്പെടുന്നുണ്ട്. എനിക്ക് സാമ്പത്തിക പ്രയാസങ്ങളെ അതിജീവിക്കാനായി" നഗല്‍ വ്യക്തമാക്കി.
യുഎസ് ഓപ്പണിന്‍റെ ആദ്യ റൗണ്ടില്‍ റോജർ ഫെഡറർക്കെതിരെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നഗല്‍ പരാജയപ്പെട്ടത്. എന്നാല്‍ ഫെഡറർക്കെതിരെ ആദ്യ സെറ്റ് ഈ ഹരിയാനക്കാരൻ സ്വന്തമാക്കിയിരുന്നു.