ലണ്ടന്‍: കോടികൾ കൊയ്യുന്ന അതീവ ഗ്ലാമറസാ കായിക മേഖലയാണ് ടെന്നീസ്. എന്നാല്‍ ഇവിടെയും താഴെ തട്ടില്‍ നിരവിധി കളിക്കാരാണ് ഉള്ളത്. കൊവിഡ് 19 അവരുടെ ജീവിതത്തെ കുറച്ചൊന്നുമല്ല ഉലച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് താഴ്‌ന്ന റാങ്കിലുള്ള കളിക്കാർക്കായി ദുരിതാശ്വാസ നിധിയെന്ന ആശയവുമായി അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷന്‍(ഐടിഎഫ്) രംഗത്ത് വന്നിരിക്കുന്നത്. മറ്റ് ദുരിതാശ്വാസ പദ്ധിതികളുടെ പരിധിയില്‍ വരാത്ത 501 മുതല്‍ 700 റാങ്ക് വരെയുള്ള കളിക്കാരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐടിഎഫ് പ്രസ്‌താവനയില്‍ പറഞ്ഞു.
ജൂണ്‍ രണ്ടിന് നടക്കുന്ന ബോർഡ് യോഗത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങളുണ്ടാകുമെന്ന് ഫെഡറേഷന്‍ പ്രസിഡന്‍റ് ഡേവിഡ് ഹാഗർട്ടിയും വ്യക്തമാക്കി. പ്രതിഭാധനരായ ടെന്നീസ് താരങ്ങൾക്ക് പിന്തുണ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ അവർക്കായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. ടെന്നീസ് ലോകത്തെ നിരവിധി പ്രൊഫഷണലുകളെയും സംഘടനകളെയും കൊവിഡ് 19 പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ദീർഘകാലത്തേക്ക് തുടരും. പരിഹരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും ഡേവിഡ് ഹാഗർട്ടി പറഞ്ഞു.