റോം:ഇറ്റാലിയന്‍ ഓപ്പണില്‍ പത്ത് കിരീടങ്ങളെന്ന നേട്ടം സ്വന്തമാക്കി റാഫേല്‍ നദാല്‍. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് നദാല്‍ കപ്പടിച്ചത്. കളിമണ്‍ കോര്‍ട്ടിലെ നദാലിന്‍റെ കരുത്തിന് മുന്നില്‍ ജോക്കോവിച്ചിന് അടിപതറി. രണ്ട് മണിക്കൂറും 49 മിനിട്ടും നീണ്ട പോരാട്ടമാണ് ഫൈനലില്‍ ഇരുവരും നടത്തിയത്. ആദ്യ സെറ്റില്‍ നദാല്‍ ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാമത്തെ സെറ്റില്‍ ജോക്കോവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാമത്തെ സെറ്റ് 6-3ന് തിരിച്ചുപിടിച്ച് നദാല്‍ കപ്പുയര്‍ത്തി. സ്‌കോര്‍: 7-5, 1-6, 6-3.
കൂടുതല്‍ വായനക്ക്: 'ബെക്കര്‍ ഹീറോ ഡാ'; ഗോളിയുടെ ഗോളിലൂടെ ചെമ്പടയുടെ കുതിപ്പ്
ഈ വര്‍ഷത്തെ രണ്ടാം തവണയാണ് സ്‌പാനിഷ് താരം റാഫേല്‍ നദാല്‍ കളിമണ്‍ കോര്‍ട്ടില്‍ കപ്പുയര്‍ത്തുന്നത്. നേരത്തെ ബാഴ്‌സലോണ ഓപ്പണിലും നദാല്‍ കപ്പടിച്ചിരുന്നു. ഗ്രാന്‍ഡ് സ്ലാം പോരാട്ടമായ ഫ്രഞ്ച് ഓപ്പണ് മുന്നോടിയായി ജോക്കോവിച്ചിനെ പരാജയപ്പെടുത്താന്‍ സാധിച്ചത് നദാലിന്‍റെ ആത്മവിശ്വാസം ഉയര്‍ത്തും. ഫ്രഞ്ച് ഓപ്പണും ഇറ്റാലിയന്‍ ഓപ്പണും കളിമണ്‍ കോര്‍ട്ടിലാണ് നടക്കുക.
കൂടുതല്‍ വായനക്ക്: ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ട് ബാഴ്‌സയുടെ പെണ്‍പട
ഈ മാസം 24ന് ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം പോരാട്ടങ്ങള്‍ക്ക് തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗ്രാന്‍ഡ് സ്ലാം തുടങ്ങാന്‍ വൈകുന്നത്. നേരത്തെ മെയ് 18ന് ആരംഭിക്കാനിരുന്ന ഫ്രഞ്ച് ഓപ്പണ്‍ കഴിഞ്ഞ എട്ടാം തീയതിയാണ് സംഘാടകര്‍ മാറ്റിവെച്ചതായി അറിയിച്ചത്.