പാരിസ്: ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറിയ ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം നവോമി ഒസാക്കയ്ക്ക് പിന്തുണയുമായി ഇതിഹാസ താരം സെറീന വില്ല്യംസ്. ഒസാക്കയുടെ അവസ്ഥ എന്താണെന്ന് തനിക്ക് വ്യക്തമായി മനസിലാക്കാന്‍ കഴിയുമെന്നും താരത്തെ ഒന്ന് കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് സെറീന പറയുന്നത്.
'അവളെയൊന്ന് കെട്ടിപ്പിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. കാരണം ഇതേ അവസ്ഥയില്‍ ഞാനുണ്ടായിരുന്നു. എല്ലാ മനുഷ്യരും ഒരുപോലെയല്ല. നമ്മൾ ഓരോരുത്തരും വ്യത്യസ്തരാണ്. എല്ലാവരും പ്രശ്നങ്ങളെ നേരിടുന്നതും വ്യത്യസ്തമായാണ്. ഞാന്‍ മാനസികമായി കുറച്ച് കൂടെ ശക്തയാണ്. മറ്റുള്ളവര്‍ അങ്ങനെയാവണമെന്നില്ല. കാര്യങ്ങളെ അവള്‍ക്ക് വിട്ടുകൊടുക്കുകയെന്നതാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. അവൾക്ക് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും മികച്ചതാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.' സെറീന പറഞ്ഞു.
18 തവണ ഗ്രാൻസ്ലാം ജേതാവായ മാർട്ടിന നവരത്തിലോവ, 12 ഗ്രാൻസ്ലാം കിരീടം നേടിയ ബില്ലീ ജീൻ കിങ് തുടങ്ങിയ പ്രമുഖരും ഒസാക്കയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. നവോമിയുടെ അവസ്ഥയില്‍ തനിക്ക് ദുഃഖമുണ്ടെന്നും താരം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും നവരത്തിലോവ ട്വീറ്റ് ചെയ്തു. ഇതൊരു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയോ, പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്നതിന്‍റെ പ്രശ്നമല്ലെന്നും അതിനേക്കാൾ കൂടുതൽ ഗൗരവം നൽകേണ്ട മാനസിക സമ്മർദ്ദമാണ് ഒസാക്ക അനുഭവിക്കുന്നതെന്നും നവരത്തിലോവ പ്രതികരിച്ചു.