പാരീസ്: ജപ്പാന്‍റെ രണ്ടാം സീഡ് നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്‍മാറി. ഗ്രാന്‍ഡ് സ്ലാമിന്‍റെ രണ്ടാം റൗണ്ടില്‍ റുമേനിയയുടെ അന്ന ബോഗ്‌ദാനെ ഇന്ന് നേരിടാനിരിക്കെയാണ് ഒസാക്കയുടെ പിന്‍മാറ്റം. മത്സര ശേഷമുള്ള പത്രസമ്മേളനം ബഹിഷ്‌കരിച്ചതിന്‍റെ പേരില്‍ സംഘാടകര്‍ 15,000 ഡോളര്‍ ഒസാക്കക്ക് പിഴയിട്ടിരുന്നു. ഇന്ത്യന്‍ രൂപയില്‍ ഏകദേശം പത്ത് ലക്ഷം രൂപയോളം വരും ഈ തുക.
തന്‍റെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പത്രസമ്മേളനത്തില്‍ നിന്നും പിന്‍മാറിയതെന്നായിരുന്നു ഒസാക്കയുടെ പ്രതികരണം. 2018ലെ യുഎസ് ഓപ്പണ് ശേഷം കടുത്ത മാനസിക സമ്മര്‍ദവും ഡിപ്രഷനും ഒസാക്ക അനുഭവിച്ചിരുന്നു. അതേ തുടര്‍ന്നാണ് വലിയതോതില്‍ ആകാംക്ഷ വര്‍ദ്ധിക്കുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് ഒസാക്കയുടെ പ്രതികരണം.