ലണ്ടന്‍: വിംബിൾഡൺ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ മിക്സ്‍ഡ് ഡബിൾസില്‍ സാനിയ മിർസ - രോഹൻ ബൊപ്പണ്ണ സഖ്യത്തിനെതിരെ കളിക്കാനായതില്‍ അഭിമാനമുണ്ടെന്ന് അങ്കിത റെയ്ന. വ്യത്യസ്തമായ ട്വീറ്റുകളിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. 'എന്തൊരു അവിശ്വസനീയമായ ദിനങ്ങള്‍. വിംബിൾഡില്‍ കളിക്കാനാവുകയെന്നത് വളരെ വലിയ അനുഭവമാണ്. മത്സര ഫലങ്ങൾ എല്ലായ്‌പ്പോഴും മികച്ചതാക്കാൻ കഴിയും' താരം കുറിച്ചു.
'സാനിയയ്ക്കും ബൊപ്പണ്ണയ്ക്കുമെതിരെ കളിക്കാനായത് വലിയ അഭിമാനമാണ്. ഇതൊക്കെ മറക്കാന്‍ കൂടുതല്‍ സമയമെടുക്കും. മത്സരം സ്പെഷ്യലാക്കിയതിന് എല്ലാവര്‍ക്കും നന്ദി. എല്ലാവരുടേയും പിന്തുണയ്ക്ക് നിറയെ സ്നേഹം'. ഇരുവരേയും ടാഗ് ചെയ്തുകൊണ്ട് അങ്കിത ട്വീറ്റ് ചെയ്തു. അതേസമയം മത്സരത്തില്‍ അങ്കിത റെയ്ന - രാംകുമാർ രാമനാഥൻ സഖ്യം പരാജയപ്പെട്ടിരുന്നു. 6-2, 7-6. സ്കോറിനായിരുന്നു സഖ്യത്തിന്‍റെ തോല്‍വി.