ന്യൂഡല്‍ഹി: 2021ലെ അർജുന അവാർഡിനായി അങ്കിത റെയ്‌നയെയും പ്രജ്‌നേഷ് ഗുണേശ്വരനെയും ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷൻ (എഐടിഎ) ശിപാർശ ചെയ്തു. ബല്‍റാം സിങ്, എന്‍റികോ പൈപ്പർനോ എന്നിവരെ ദ്രോണാചാര്യ അവാർഡിനായും എഐടിഎ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ഒളിമ്പിക് ടിക്കറ്റ് ലഭിക്കുമെന്ന് ആത്മ വിശ്വാസം
അങ്കിത റെയ്നക്ക് സിങ്കിള്‍സില്‍ ടോക്കിയോ ബര്‍ത്ത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഐടിഎ സെക്രട്ടറി ജനറൽ അനിൽ ധൂപർ പറഞ്ഞു. താരത്തിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കണമെന്ന് ആവശ്യപ്പെട്ട് എഐടിഎ ഭരണ സമിതി ഇന്‍റര്‍നാഷണല്‍ ടെന്നീസ് അസോസിയേഷന് (ഐടിഎഫ്) അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഐടിഎഫിന്‍റെ മറുപടിക്കായി കാത്തിരിക്കുയാണെന്നും അനിൽ ധൂപർ വ്യക്തമാക്കി.
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടം മുതല്‍ക്കൂട്ടാവും
പുരുഷന്മാരുടെ ഡബിള്‍സ് ടീമിനും ഒളിമ്പിക് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരുഷന്മാരുടെ സിങ്കിള്‍സ് വിഭാഗത്തിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും കട്ടോഫ് മാര്‍ക്ക് 105 ആയതിനാല്‍ നിരസിക്കപ്പെടുകയായിരുന്നു.
also read: യൂറോ കപ്പ്: ന്യൂയര്‍ക്ക് പിന്നാലെ 'മഴവില്ലണിഞ്ഞ്' ഹാരി കെയ്നും
എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ അങ്കിതയുടേത് പ്രത്യേക കേസായി പരിഗണിക്കപ്പെടുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം നടക്കാനിരിക്കു്നന ടോക്കിയോ ഒളിമ്പിക്സിൽ വനിതാ ഡബിള്‍സില്‍ സാനിയ മിർസയ്‌ക്കൊപ്പം അങ്കിത കളിക്കും. ജൂലൈ 23 മുതല്‍ക്കാണ് ടോക്കിയോ ഒളിമ്പിക്സ് നടക്കുക. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സാണ് കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിയത്.